India

ഗസ പുനര്‍നിര്‍മ്മാണം: ഇന്ത്യയുടെ സജീവ പങ്കാളിത്തം ആവശ്യപ്പെട്ട് ഫലസ്തീന്‍

ഗസ പുനര്‍നിര്‍മ്മാണം: ഇന്ത്യയുടെ സജീവ പങ്കാളിത്തം ആവശ്യപ്പെട്ട് ഫലസ്തീന്‍
X

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന ഗസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്‍. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന വിദേശകാര്യ മന്ത്രിസഭ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയെ (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണയ്ക്കണമെന്നും മന്ത്രി വര്‍സെന്‍ ആവശ്യപ്പെട്ടു.

തകര്‍ന്നടിഞ്ഞ ഗസ മുനമ്പ് പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 110 ബില്യണ്‍ യുഎസ് ഡോളര്‍ ആവശ്യമാണെന്ന് വര്‍സെന്‍ പറഞ്ഞു. ഗസ മുനമ്പ് പുനര്‍നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. 'ഗസയുടെ പുനര്‍നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ തുടര്‍ന്നും പങ്കാളിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അടിയന്തര സഹായം ആവശ്യമാണ്. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയെയും പിന്തുണയ്ക്കേണ്ടതാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനും കൂടിയാണ് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയെ രൂപീകരിച്ചിരിക്കുന്നത്. യുഎന്‍ ഇത് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചുകൊണ്ടിരിക്കുന്ന തുക പര്യാപ്തമല്ല. ഗസയിലെ ആവശ്യങ്ങളും വളരെ വലുതാണ്' - വിദേശകാര്യ മന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്‍ പറഞ്ഞു.

ഇസ്രായേല്‍-ഫലസ്തീന്‍ ഇടക്കാല ഉടമ്പടിയായ ഓസ്ലോ കരാറില്‍ ഒപ്പുവച്ചതിന് ശേഷവും പലസ്തീന്‍ പിടിച്ചടക്കുന്നതിനായി ഇസ്രയേലിന്റെ ഭാഗത്തുനിന്നും നിരവധി കൈയേറ്റം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.




Next Story

RELATED STORIES

Share it