India

അയോധ്യയിലെ രാമക്ഷേത്രം: അടിത്തറ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാവുമെന്ന് ട്രസ്റ്റ്

12 മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഏകദേശം 1.2 ലക്ഷം ചതുരശ്ര മീറ്റര്‍ മണ്ണ് കുഴിച്ചു.

അയോധ്യയിലെ രാമക്ഷേത്രം: അടിത്തറ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാവുമെന്ന് ട്രസ്റ്റ്
X

ലഖ്‌നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം ഈ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാവാന്‍ സാധ്യതയുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്വീറ്റിലൂടെയാണ് ക്ഷേത്രനിര്‍മാണം പുരോഗമിക്കുകയാണെന്ന് വിശദീകരിച്ചത്. ക്ഷേത്രത്തിന്റെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ശ്രീ രാമജന്‍മഭൂമി തീര്‍ത്ഥ ട്രസ്റ്റിനെയാണ്. 12 മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഏകദേശം 1.2 ലക്ഷം ചതുരശ്ര മീറ്റര്‍ മണ്ണ് കുഴിച്ചു.

ഒരടി കനത്തില്‍ പാളി സ്ഥാപിച്ച് ഒരു റോളര്‍ ഉപയോഗിച്ച് നിലമൊതുക്കാന്‍ നാലഞ്ചുദിവസമെടുക്കും. അത്തരം നാല് പാളികള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ അളവ് 400 അടി നീളവും 300 അടി വീതിയുമുള്ളതാണ്. ഒരു പാളി റോളര്‍ ഉപയോഗിച്ച് അമര്‍ത്തും. അതിനുശേഷം അടുത്ത പാളി സ്ഥാപിക്കും. ഇത്തരത്തില്‍ 40-50 ലെയറുകള്‍ സ്ഥാപിക്കണം. ഇതിനെ റോളര്‍കോംപാക്ട് കോണ്‍ക്രീറ്റ് എന്നാണ് വിളിക്കുന്നത്- ശ്രീരാമജന്‍മഭൂമി തീര്‍ഥ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. അടിത്തറ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ശ്രീരാമന്റെ അനുഗ്രഹംകൊണ്ട് തൊഴിലാളികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല- റായ് അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ട്രസ്റ്റ് മാര്‍ച്ചില്‍ അറിയിച്ചിരുന്നു. രണ്ടരയേക്കറിലാണ് നിര്‍മാണം. ക്ഷേത്രത്തിന് ചുറ്റുമതില്‍ നിര്‍മിക്കും. വെള്ളപ്പൊക്കമുണ്ടായാല്‍ ആഘാതം ചെറുക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മാണം.

അതിര്‍ത്തി മതിലിന്റെ രൂപകല്‍പ്പനയില്‍ ചില വാസ്തുവിദ്യാ കുറവുകളുണ്ടെന്നും മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യമായ ഭൂമി ഏറ്റെടുത്തതായും റായ് ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിര്‍മാണത്തിന് വീടുകളിലെത്തി സംഭാവന സ്വീകരിക്കുന്നത് കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഭക്തര്‍ക്ക് ട്രസ്റ്റിന്റെ വെബ്‌സൈറ്റ് വഴി സംഭാവന ഇപ്പോഴും നല്‍കാമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍നിന്നാണെന്നും ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം ചേര്‍ന്നു. അയോധ്യയുടെ വികസനത്തിനായി ഒരു ദര്‍ശനരേഖ മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ നടത്തിയത്. മഹത്തായ ഒരു അധ്യായം ആരംഭിക്കുകയാണെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.

Next Story

RELATED STORIES

Share it