India

രാമജന്മഭൂമിയിലുള്ള ഹൈന്ദവ വിശ്വാസം ഖണ്ഡിക്കാനാവാത്തതെന്ന് സുപ്രിം കോടതി; വിശ്വാസം കൊണ്ട് മാത്രം നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ധവാന്‍

ശ്രീരാമന്‍ ജനിച്ച സ്ഥഹലമാണെന്ന കേവല വിശ്വാസംകൊണ്ട് ബാബരി ഭൂമിക്കു മേല്‍ ഹിന്ദുക്കള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും അവിടെ പൂജയോ പ്രതിഷ്ഠയോ ഉണ്ടാവേണ്ടതുണ്ടെന്നും സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാന്‍ വ്യക്തമാക്കി.

രാമജന്മഭൂമിയിലുള്ള ഹൈന്ദവ വിശ്വാസം ഖണ്ഡിക്കാനാവാത്തതെന്ന് സുപ്രിം കോടതി; വിശ്വാസം കൊണ്ട് മാത്രം നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ധവാന്‍
X

ന്യൂഡല്‍ഹി: ഹിന്ദുക്കളുടെ രാമജന്മഭൂമിയിലുള്ള വിശ്വാസം സ്ഥിരമാണെന്നും അത് ഖണ്ഡിക്കാന്‍ കഴിയില്ലെന്നും സുപ്രിം കോടതി. മുസ്‌ലിംകള്‍ക്ക് മക്ക എന്നത് പോലെ ഹിന്ദുക്കള്‍ക്ക് പവിത്രമായ സ്ഥലമാണ് തര്‍ക്കഭൂമിയെന്ന് കീഴ്‌ക്കോടതിയില്‍ മുസ്‌ലിം സാക്ഷികള്‍ പോലും വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

എന്നാല്‍, ശ്രീരാമന്‍ ജനിച്ച സ്ഥലമാണെന്ന കേവല വിശ്വാസംകൊണ്ട് ബാബരി ഭൂമിക്കു മേല്‍ ഹിന്ദുക്കള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും അവിടെ പൂജയോ പ്രതിഷ്ഠയോ ഉണ്ടാവേണ്ടതുണ്ടെന്നും സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാന്‍ വ്യക്തമാക്കി. ഒരിക്കല്‍ മുസ്‌ലിം പള്ളിയായാല്‍ അത് എക്കാലത്തും മുസ്‌ലിം പള്ളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന്റെ 29ാം ദിവസമാണ് വിശ്വാസം കൊണ്ട് മാത്രം നിയമപരിരക്ഷ ലഭിക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കം നടന്നത്.

കുറച്ചു കാലം ബാബരി മസ്ജിദ് പള്ളിയായി ഉപയോഗിച്ചിട്ടില്ല എന്നാണ് ഹിന്ദുപക്ഷത്തിന്റെ വാദം. യഥാര്‍ഥത്തില്‍ ബാബരി മസ്ജിദിനകത്ത് അവകാശവാദമുന്നയിക്കാന്‍ തെളിവുകളൊന്നുമില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ആ വാദം നടത്തേണ്ടിവന്നതെന്ന് ധവാന്‍ വ്യക്തമാക്കി. ശ്രീരാമന്‍ ജനിച്ച സ്ഥലമാണെന്ന കേവല വിശ്വാസംകൊണ്ട് ആ സ്ഥലത്തിന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ല. വസ്തുനിഷ്ഠമായ ആവിഷ്‌കാരം ആ സ്ഥലത്തുണ്ടാകണം. ബാബരി മസ്ജിദ് നിന്ന ഭൂമി രാമക്ഷേത്രത്തിന്റേതാണെന്ന് പറയണമെങ്കില്‍ അവിടെ രാമന്റെ പ്രതിഷ്ഠ വേണ്ടിയിരുന്നു. എന്നാല്‍, അതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസത്തിന് പ്രതിഷ്ഠയുടെ ആവശ്യമെന്താണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോള്‍ ആരാധന മതിയെന്നും എന്നാല്‍ ബാബരി ഭൂമിയുടെ കാര്യത്തില്‍ രാമന്റെ ജന്മസ്ഥലമെന്ന വിശ്വാസം വച്ചുപുലര്‍ത്തുകയല്ലാതെ ശ്രീരാമനായി ആരാധന നടന്നിട്ടില്ലെന്നും ധവാന്‍ മറുപടി നല്‍കി. ബാബരി മസ്ജിദിന് പുറത്തുള്ള രാം ഛബൂത്രയില്‍ മാത്രമേ പ്രാര്‍ഥന നടന്നിട്ടുള്ളൂ.

രാമന്‍ ജനിച്ച സ്ഥലമായതിനാല്‍ നിയമപരിരക്ഷ ഉണ്ടെന്ന വാദം 1989ല്‍ രാമജന്മഭൂമി പ്രസ്ഥാനമുണ്ടായ ശേഷം തുടങ്ങിയതാണ്. നേരത്തേ ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലൊന്നും വരാത്തതുമാണ്. ബാബരി ഭൂമി കേസിലെ അഞ്ചാം അന്യായക്കാരന് പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് ധവാന്‍ കുറ്റപ്പെടുത്തി. മരങ്ങളും നദികളും വേദ സങ്കല്‍പത്തിലുള്ളതാണെന്നും അവയ്ക്ക് ഇന്ത്യന്‍ ഭരണഘടനപ്രകാരം നിയമപരിരക്ഷ ലഭിക്കുമോയെന്നും ധവാന്‍ ചോദിച്ചു.

വിഗ്രഹവും ജന്മസ്ഥലവും വ്യത്യാസമുണ്ടെന്നും ജന്മസ്ഥലം ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

രാമനും അല്ലാഹുവിനും ഒരു പോലെ ബഹുമാനം ലഭിക്കേണ്ടതുണ്ടെന്നും അപ്പോഴേ ഇന്ത്യയുടെ വൈവിധ്യം നിലനില്‍ക്കൂ എന്നും അഡ്വ. രാജീവ് ധവാന്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it