India

10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

മാര്‍ച്ച് 24ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്.

10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്
X

ന്യൂഡല്‍ഹി: 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെണ്ണലും ഇന്ന് നടക്കും. ഇതില്‍ കര്‍ണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാര്‍ച്ച് 24ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുള്ളതാണ്.

ഗുജറാത്ത് (4), രാജസ്ഥാന്‍ (3), മധ്യപ്രദേശ് (3), ജാര്‍ഖണ്ഡ് (2) എന്നിവിടങ്ങളിലാണ് ബിജെപി- കോണ്‍ഗ്രസ് പോരാട്ടം. ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ച ഗുജറാത്തിലും രാജസ്ഥാനിലും എംഎല്‍എമാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ബിജെപിയുടെ അഭയ് ഭരദ്വാജ്, റാമില ബാര, കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗോഹില്‍ എന്നിവര്‍ വിജയം ഉറപ്പാക്കി. രണ്ടാമത്തെ സ്ഥാനാര്‍ഥി ഭരത് സിങ് സോളങ്കിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് 4 വോട്ട് കൂടി വേണമെന്നിരിക്കെ, തങ്ങളുടെ മൂന്നാം സ്ഥാനാര്‍ഥി നര്‍ഹരി അമീന്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി.

രാജസ്ഥാനില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയും മല്‍സരിക്കുമ്പോള്‍ ബിജെപി നിര്‍ത്തിയിരിക്കുന്നത് രാജേന്ദ്ര ഗെലോട്ടിനെയും ഓംകാര്‍ സിങ് ലെഖാവത്തിനെയുമാണ്. കുതിരക്കച്ചവടം ഭയന്ന് കഴിഞ്ഞ കുറച്ചുദിവസമായി ഇരുപാര്‍ട്ടികളും ജയ്പൂരിലെ റിസോര്‍ട്ടുകളിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ കര്‍ണാടകയില്‍നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് (മധ്യപ്രദേശ്), ജെഎംഎം നേതാവ് ഷിബു സോറന്‍ (ജാര്‍ഖണ്ഡ്) എന്നിവരാണ് മല്‍സരരംഗത്തുള്ള മറ്റു പ്രമുഖര്‍.

245 അംഗസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. രാജ്യസഭയില്‍ നിലവില്‍ എന്‍ഡിഎയ്ക്ക് 90 അംഗങ്ങളുണ്ട്. കര്‍ണാടകയില്‍നിന്ന് 2 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തുകഴിഞ്ഞു. എന്‍ഡിഎ ഘടകകക്ഷികളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നെത്തും. രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് കോണ്‍ഗ്രസിന് സാധ്യത.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റും

ആന്ധ്രാപ്രദേശ്- 4

ഗുജറാത്ത്- 4

മധ്യപ്രദേശ്- 3

രാജസ്ഥാന്‍- 3

ജാര്‍ഖണ്ഡ്- 2

മണിപ്പൂര്‍- 1

മേഘാലയ- 1

മിസോറം- 1

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്: കര്‍ണാടക- 4, അരുണാചല്‍- 1

Next Story

RELATED STORIES

Share it