India

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ കോടികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ കോടികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
X

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നവാബ് മാലിക്കിന്റെയും കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്റെ കമ്പനിയായ സോളിഡസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉള്‍പ്പെടെ അഞ്ച് സ്വത്തുവകകളാണ് ഇഡി ബുധനാഴ്ച താല്‍ക്കാലികമായി കണ്ടുകെട്ടിയത്. കുര്‍ള പ്രാന്തപ്രദേശത്തുള്ള വിശാലമായ ഗോവാല കോമ്പൗണ്ട്, ഒരു വാണിജ്യ യൂനിറ്റ്, മൂന്ന് ഫഌറ്റുകള്‍, ബാന്ദ്ര വെസ്റ്റിലെ രണ്ട് റെസിഡന്‍ഷ്യല്‍ ഫഌറ്റുകള്‍, ഒസ്മാനാബാദ് ജില്ലയിലെ 148 ഏക്കര്‍ കൃഷിഭൂമി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് നവാബ് മാലിക്കിനെ ഫെബ്രുവരി 23ന് ഇഡി അറസ്റ്റ് ചെയ്തത്. നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇഡി സംഘം ആദ്യം അദ്ദേഹത്തെ ഒരുമണിക്കൂറോളം ചോദ്യം ചെയ്തു. പിന്നീട് മാലിക്കിനെ ഇഡി ഓഫിസിലേക്കു കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ദാവൂദ് ഇബ്രാഹിം, ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്‌ന എന്ന ജാവേദ് പട്ടേല്‍, ടൈഗര്‍ മേമന്‍ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുല്‍ റസ്സാഖ് മേമന്‍ എന്നിവരെയാണ് എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ നവാബ് മാലിക് ദുരൂഹത ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപി നേതാക്കന്‍മാര്‍ക്കുമെതിരേ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it