India

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസം കൂടി നീട്ടി

മുമ്പ് നാലുദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ബിനീഷിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ രണ്ടുദിവസം മാത്രമേ ചോദ്യംചെയ്യല്‍ നടന്നുള്ളൂവെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചുദിവസം കൂടി നീട്ടി
X

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. അഞ്ചദിവസത്തേയ്ക്ക് കൂടി ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ബംഗളൂരുവിലെ സിറ്റി സിവില്‍ കോടതിയാണ് ഉത്തരവിട്ടത്. മുമ്പ് നാലുദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ബിനീഷിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ രണ്ടുദിവസം മാത്രമേ ചോദ്യംചെയ്യല്‍ നടന്നുള്ളൂവെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

10 ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും അഞ്ചുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അതേസമയം, തനിക്ക് ശാരീരിക അസ്വസ്ഥതകളുഉണ്ടെന്ന് ബിനീഷ് കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലിരിക്കെ താന്‍ പത്ത് പ്രാവശ്യം ഛര്‍ദിച്ചു. കടുത്ത ശരീരവേദനയുണ്ടെന്നും ബിനീഷ് പറഞ്ഞു. ഇന്നും ചോദ്യം ചെയ്യലിനായി ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് തിരികെ കൊണ്ടുപോവുകയായിരുന്നു.

ബിനീഷിന്റെ പരിശോധനാ റിപോര്‍ട്ടുകളും ഇഡി കോടതിയില്‍ ഹാജരാക്കി. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബിനീഷ് കോടിയേരിയെ അഞ്ചുമണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ ഇഡി ശ്രമിച്ചെങ്കിലും കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

ബിനീഷിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതോടെയാണ് പരിശോധനകള്‍ക്കുശേഷം കോടതിയിലെത്തിച്ചത്. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിനീഷിനെ തുടര്‍ച്ചയായി നാലുദിവസമാണ് ചോദ്യംചെയ്തത്. ഇതിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it