India

സിഎഎയെയും എന്‍ആര്‍സിയെയും ഭയപ്പെടരുത്; ശിവസേന നിങ്ങള്‍ക്കൊപ്പം: സഞ്ജയ് റാവത്ത്

ഞങ്ങള്‍ക്ക് ആരെയും ഭയമില്ലന്ന് മഹാരാഷ്ട്രയില്‍ ഞങ്ങള്‍ തെളിയിച്ചു. നിങ്ങളും ഭയത്തിന്റെ പിടിയില്‍നിന്ന് പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മള്‍ എല്ലാവരും ഒന്നാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഇന്ത്യ.

സിഎഎയെയും എന്‍ആര്‍സിയെയും ഭയപ്പെടരുത്; ശിവസേന നിങ്ങള്‍ക്കൊപ്പം: സഞ്ജയ് റാവത്ത്
X

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും ഭയപ്പെടരുതെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും പ്രഖ്യാപിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദും അസോസിയേഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സും സംയുക്തമായി മുംബൈയില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് ആരെയും ഭയമില്ലന്ന് മഹാരാഷ്ട്രയില്‍ ഞങ്ങള്‍ തെളിയിച്ചു. നിങ്ങളും ഭയത്തിന്റെ പിടിയില്‍നിന്ന് പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മള്‍ എല്ലാവരും ഒന്നാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഇന്ത്യ.

ഉദ്ദവ് താക്കറെ ഇതെല്ലാം നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമാസക്തമായ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയും അതിനെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുമായി താരതമ്യം ചെയ്യുകയും ചെയ്ത ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഉദ്ധവ് താക്കറെ. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് 25 കോടി മുസ്‌ലിംകളാണെന്ന വിരമിച്ച ജസ്റ്റിസ് കോല്‍സേ പാട്ടീലിന്റെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. അക്കങ്ങള്‍കൊണ്ട് ജനങ്ങളെ വിഭജിക്കരുതെന്നായിരുന്നു റാവത്തിന്റെ പ്രതികരണം. ദേശസ്‌നേഹത്തിന് പ്രത്യേക ലേബല്‍ കല്‍പ്പിക്കുന്ന പാര്‍ട്ടിയല്ല ശിവസേന. ദേശസ്‌നേഹത്തിന് ഒരു മതവുമില്ല.

രാജ്യമാണ് നമ്മുടെ മതം. നാമെല്ലാവരും ഐക്യപ്പെടണം. ഇതിനെയാണ് ബിജെപി ഭയപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും എതിരാണെന്നു പറഞ്ഞ റാവത്ത്, എന്‍ആര്‍സിയുമായി യോജിപ്പിക്കുമ്പോള്‍ 30 ശതമാനം ഹിന്ദുക്കള്‍ക്ക് പൗരത്വം നഷ്ടമാവുമെന്നും അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുമോ എന്ന് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. പക്ഷേ, തങ്ങള്‍ എല്ലാവരും സഹോദരങ്ങളാണ്, ഈ പരിപാടി നടക്കുന്നത് മറാത്തി പത്രകാര്‍ സംഘിലാണ്. തനിക്ക് ഇതില്‍ പങ്കെടുക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it