India

കശുവണ്ടിത്തൊഴിലാളിയുടെ കൊലപാതകം: ഡിഎംകെ എംപിക്കെതിരേ കേസ്

കശുവണ്ടിത്തൊഴിലാളിയുടെ കൊലപാതകം: ഡിഎംകെ എംപിക്കെതിരേ കേസ്
X

ചെന്നൈ: കടലൂരില്‍ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഗോവിന്ദരസിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഫാക്ടറിയുടമയും ഡിഎംകെയുടെ കടലൂര്‍ എംപിയുമായ ടിആര്‍വിഎസ് രമേശിനെതിരേ ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കേസെടുത്തു. ഫാക്ടറിയിലെ തൊഴിലാളികളായ അഞ്ചുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. കശുവണ്ടി സംസ്‌കരണ യൂനിറ്റിലെ ജീവനക്കാരായ നടരാജന്‍, കണ്ടവേല്‍, അല്ലപ്പിച്ചൈ, വിനോദ്, സുന്ദരരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. എട്ടുവര്‍ഷമായി രമേശിന്റെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു ഗോവിന്ദരസ്. രമേശ് ഒളിവിലാണ്. രമേശിനായി തിരച്ചില്‍ നടത്തുകയാണെന്ന് പോലിസ് പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്നലെ ഭാരവാഹികളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു. കേസ് ആദ്യം ജില്ലാ പോലിസാണ് അന്വേഷിച്ചിരുന്നത്. പിന്നീട് സപ്തംബര്‍ 28ന് ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സപ്തംബര്‍ 20നു ഫാക്ടറിയിലേക്ക് പോയ ഗോവിന്ദരസിനെ കശുവണ്ടി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി പോലിസില്‍ ഏല്‍പ്പിച്ചു. ഗോവിന്ദരാസുവിനെ മര്‍ദ്ദിച്ചശേഷമാണ് ജീവനക്കാര്‍ കടമ്പുലിയൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചത്.

മുഖത്തുനിന്ന് രക്തംപൊടിയുന്നതു കണ്ട പോലിസ് ഗോവിന്ദരസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഇവര്‍ ഫാക്ടറിയില്‍ തിരികെ കൊണ്ടുവരികയും മണിക്കൂറുകള്‍ക്കുശേഷം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സപ്തംബര്‍ 20ന് ഗോവിന്ദരസിനെ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ സിബിസിഐഡി സംഘം പരിശോധിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംഘം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it