India

ധര്‍മസ്ഥല: 'തനിക്ക് അനന്യ എന്ന മകളില്ല, മകളെ കാണാതായിട്ടില്ല'; രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് സുജാത ഭട്ട്

ധര്‍മസ്ഥല: തനിക്ക് അനന്യ എന്ന മകളില്ല, മകളെ കാണാതായിട്ടില്ല; രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് സുജാത ഭട്ട്
X

ബംഗളൂരു: ധര്‍മ്മസ്ഥല തിരോധാന കേസില്‍ വഴിത്തിരിവ്. 2003ല്‍ മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പോലിസില്‍ പരാതി നല്‍കിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.

സുജാതയുടെ വീട്ടിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി. പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

2003-ല്‍ തന്റെ മകള്‍ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവര്‍ പോലിസില്‍ പരാതി നല്‍കിയത്. പിന്നാലെ, പരാതി എസ്‌ഐടിക്ക് കൈമാറിയിരുന്നു. എസ്‌ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് താന്‍ പറഞ്ഞ കഥ വ്യാജമാണെന്നും സ്വത്ത് പ്രശ്നം കാരണം ആക്ടിവിസ്റ്റുകള്‍ മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇവര്‍ ആരോപിച്ചു. അനന്യ ഭട്ട് എന്നൊരു മകള്‍ തനിക്കില്ലെന്ന് ഇവര്‍ യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തി. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നിവര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ധര്‍മസ്ഥലയോട് ചേര്‍ന്ന വനമേഖലയില്‍ നിരവധിപേരെ സംസ്‌കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.


ചിലര്‍ എന്നോട് മകളെ കാണാതായ കഥ പറയാന്‍ പറഞ്ഞു. സ്വത്ത് പ്രശ്‌നം കൊണ്ടാണ് എന്നോട് ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ധര്‍മ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സ്വത്ത് മുത്തച്ഛന്റെ ഉടമസ്ഥതയിലായിരുന്നു. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ആരോടും പണം ചോദിച്ചിട്ടുമില്ല. എന്റെ ഒപ്പില്ലാതെ എന്റെ മുത്തച്ഛന്റെ സ്വത്ത് എങ്ങനെ വിട്ടുകൊടുത്തു എന്നതായിരുന്നു ഞാന്‍ ചോദ്യം ചെയ്തത്. സാമ്പത്തിക ലക്ഷ്യത്തോടെയല്ല താന്‍ ഇങ്ങനെ ചെയ്തത്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി, ധര്‍മ്മസ്ഥലയിലെ ഭക്തര്‍ക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവന്‍ രാജ്യത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ ആഴ്ച ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അവരുടെ പുതിയ മൊഴികള്‍. 2003 മെയ് മാസത്തില്‍ ധര്‍മ്മസ്ഥല സന്ദര്‍ശനത്തിനിടെ 18 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ അനന്യയെ കാണാതായതായി സുജാത ആദ്യ പരാതിയില്‍ ആരോപിച്ചു. അനന്യയുടെ സുഹൃത്തുക്കള്‍ ഷോപ്പിംഗിന് പോയപ്പോള്‍, ക്ഷേത്രപരിസരത്ത് അനന്യ നിന്നുവെന്ന് അവര്‍ പറഞ്ഞു. പിന്നീട് മകളെ കാണാതായെന്നും അവര്‍ പറഞ്ഞു. മകളുടെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോയി തടഞ്ഞുനിര്‍ത്തി, ധര്‍മ്മസ്ഥലയിലേക്ക് മടങ്ങുകയോ ആരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സുജാത ആരോപിച്ചിരുന്നു.






Next Story

RELATED STORIES

Share it