ഡല്‍ഹിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. കഴിഞ്ഞ രണ്ടുമാസത്തില്‍ അധികമായി ഡല്‍ഹിയില്‍ നിലവിലുണ്ടായിരുന്ന രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണു പിന്‍വലിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 1,000 രൂപയില്‍നിന്നും 500 രൂപയാക്കി കുറച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ക്ലാസുകളും ഓഫ് ലൈനായി ആരംഭിക്കാം. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതിന് ഡല്‍ഹി ദുരന്തനിവാരണ അഥോറിറ്റി തീരുമാനിച്ചത്. രാത്രി കര്‍ഫ്യൂ പിന്‍വലിച്ച സാഹചര്യത്തില്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, റെസ്റ്ററന്റുകള്‍ എന്നി രാത്രി വൈകിയും തുറന്നുപ്രവര്‍ത്തിക്കാം.
റസ്‌റ്റോറന്റുകള്‍, ബാറുകള്‍, കഫേകള്‍, സിനിമാ ഹാളുകള്‍ എന്നിവ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. നിലവില്‍, എല്ലാ മാര്‍ക്കറ്റുകളും കടകളും രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്നു. ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ പൂര്‍ണമായും ഓഫ്‌ലൈന്‍ രീതിയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്ന സാഹചര്യത്തിലും ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെ നില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തില്ല.
സാഹചര്യം മെച്ചപ്പെടുകയും ആളുകള്‍ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാല്‍ ഡിഡിഎംഎ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ടോയെന്ന് സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒമിക്രോണിനെത്തുടര്‍ന്ന് കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നാണ് വീണ്ടും ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി നഗരത്തില്‍ 460 പുതിയ കേസുകളും രണ്ട് മരണങ്ങളും 0.81 ശതമാനം പോസിറ്റിവിറ്റിയും റിപോര്‍ട്ട് ചെയ്തു. കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയിലാണ് ഡിഡിഎംഎ യോഗം ചേര്‍ന്നത്. കെജ്‌രിവാളിന് പുറമെ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട്, ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയിന്‍, ആരോഗ്യ, റവന്യൂ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
കണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTരാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര് യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMT