India

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഡല്‍ഹി; ആറ് മരണം, വ്യോമ- റെയില്‍ ഗതാഗതം താറുമാറായി

മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. റോഡ് ഗതാഗതവും മൂടല്‍മഞ്ഞ് മൂലം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്‍പം പോലും കാണാനാവാത്ത സ്ഥിതിയാണ്.

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഡല്‍ഹി; ആറ് മരണം, വ്യോമ- റെയില്‍ ഗതാഗതം താറുമാറായി
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നതായാണ് റിപോര്‍ട്ട്. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ മുന്നോട്ടുള്ള വഴികാണാതെ റോഡില്‍നിന്ന് തെന്നിമാറിയ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിമാറിയ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.45നായിരുന്നു അപകടം.


ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശികളായ മഹേഷ് (35), കിഷന്‍ലാല്‍ (50), നീരേഷ് (17), റാം കിലാഡി (75), മല്ലു (12), നേത്രപാല്‍ (40) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവര്‍ ചികില്‍സയിലാണ്. ഇതെത്തുടര്‍ന്ന് യമുന എക്‌സ്പ്രസ് വേ വഴി പോവുന്ന യാത്രക്കാര്‍ ജാഗ്രതപാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലിസ് മുന്നറിയിപ്പ് നല്‍കി. അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം തിങ്കളാഴ്ച രാവിലെയും വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. റോഡ് ഗതാഗതവും മൂടല്‍മഞ്ഞ് മൂലം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്‍പം പോലും കാണാനാവാത്ത സ്ഥിതിയാണ്. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയായതോടെയാണ് തല്‍ക്കാലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. റണ്‍വേയില്‍ ഇന്ന് പുലര്‍ച്ചെയുള്ള ദൃശ്യപരിധി 50 മീറ്റര്‍ മുതല്‍ 175 മീറ്റര്‍ വരെ മാത്രമാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. അതിശൈത്യം കാരണം ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശൈത്യം കനത്ത പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നുവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് ശേഷം ഡല്‍ഹിയില്‍ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തണുപ്പ് വര്‍ധിക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം, രൂക്ഷമായ വായുമലിനീകരണമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ശീതക്കാറ്റ് പ്രതിഭാവം അടുത്ത മൂന്നുദിവസംകൂടി നീളാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it