India

ഡല്‍ഹി കലാപക്കേസ്: ഷാരൂഖ് പത്താനെതിരേ കുറ്റം ചുമത്തി ഡല്‍ഹി കോടതി; ആയുധ നിയമം ഒഴിവാക്കി

ഡല്‍ഹി കലാപക്കേസ്: ഷാരൂഖ് പത്താനെതിരേ കുറ്റം ചുമത്തി ഡല്‍ഹി കോടതി; ആയുധ നിയമം ഒഴിവാക്കി
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന ഷാരൂഖ് പത്താനെതിരേ ഡല്‍ഹി കോടതി കുറ്റം ചുമത്തി. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ പോലിസുകാരന് നേരേ തോക്ക് ചൂണ്ടിയെന്നാരോപിച്ചാണ് ഷാരൂഖ് പത്താനെതിരേ ഡല്‍ഹി കോടതി കുറ്റം ചുമത്തിയത്. കലാപമുണ്ടാക്കല്‍, പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിക്കുക, സായുധസംഘത്തില്‍പ്പെട്ട രോഹിത് ശുക്ലയെ വെടിവച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയവയാണ് ഷാരൂഖ് പത്താനെതിരേ ചുമത്തിയ കുറ്റങ്ങള്‍. അതേസമയം, അദ്ദേഹത്തിനെതിരേ ചുത്തിയ ആയുധ നിയമം ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ഒഴിവാക്കി.

ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനെ കൂടാതെ സല്‍മാന്‍, ഗുല്‍ഫാം, ആതിര്‍, ഉസാമ എന്നിവര്‍ക്കെതിരേ സെക്ഷന്‍ 147 (കലാപം), 148 (ആയുധം ധരിച്ച് കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരല്‍), 186, 153 എ, 283, 353, 332, 323, 307 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് വീണ്ടും 2022 ജനുവരി 21 ന് പരിഗണിക്കും. കേസില്‍ പത്താന് വേണ്ടി അഭിഭാഷകന്‍ ഖാലിദ് അക്തര്‍ ഹാജരായി. സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധത്തിനിടെ ഷാരൂഖ് പത്താന്‍ തനിക്ക് നേരേ വെടിയുതിര്‍ത്തെന്ന് അക്രമിസംഘത്തിലുണ്ടായിരുന്ന രോഹിത് ശുക്ല പോലിസിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ഷഹീന്‍ബാഗില്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ സമാധാനപരമായി പ്രതിഷേധം നടത്തിവരികയായിരുന്ന സ്ത്രീകള്‍ക്കു നേരേ ആക്രോശങ്ങളുമായി ഓടിയടുത്ത ഹിന്ദുത്വ സംഘത്തിലെ അക്രമിയില്‍നിന്ന് പിസ്റ്റള്‍ പിടിച്ചെടുത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് നിറയൊഴിച്ച് വനിതകളെ അക്രമികളില്‍നിന്നു രക്ഷിക്കുകയാണ് ഷാരൂഖ് ചെയ്തതെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന്റെ വെടിവയ്പ്പില്‍ വെടിയുണ്ടയോ കല്ലോ ഏറ്റ് മരണമോ പരിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

പോലിസ് കോണ്‍സ്റ്റബിളിനു നേരെ തോക്ക് ചൂണ്ടുന്ന ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ 2020 മാര്‍ച്ച് മൂന്നിനാണ് പത്താനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകളും കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍, കൊലപാതകശ്രമം, ആയുധ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവുമാണ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എഫ്‌ഐആര്‍ സമര്‍പ്പിച്ച് രണ്ടുദിവസത്തിന് ശേഷം 2020 ഫെബ്രുവരി 28ന് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയ വിവിധ വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ വീഡിയോ അഭിമുഖങ്ങളില്‍ ഷാരൂഖ് തനിക്കെതിരേ വെടിയുതിര്‍ത്തിട്ടില്ലെന്ന് പ്രസ്താവിച്ചിരുന്നു.

അതിനാല്‍, 307ാം വകുപ്പ് ചുമത്തിയത് രാഷ്ട്രീയ പകപോക്കലിനായുള്ള പോലിസ് ഉദ്യോഗസ്ഥരുടെ കടുത്ത അധികാര ദുര്‍വിനിയോഗമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, പിന്നീട് പോലിസ് ഉദ്യോഗസ്ഥനായ പരാതിക്കാരന്‍ നല്‍കിയ മൊഴിയില്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാരൂഖ് തന്റെ തല ലക്ഷ്യമാക്കി വെടിയുതിര്‍ത്തെന്നും എന്നാല്‍, താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും പറഞ്ഞ് മലക്കം മറിയുകയായിരുന്നു. ഇതോടെയാണ് കോടതി അദ്ദേഹത്തിന് നേരത്തെ ജാമ്യം നിഷേധിച്ചത്.

Next Story

RELATED STORIES

Share it