India

പോലിസ് ലാത്തിച്ചാര്‍ജ്; ഹരിയാനയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷകസംഘടനകള്‍

പോലിസ് ലാത്തിച്ചാര്‍ജ്; ഹരിയാനയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷകസംഘടനകള്‍
X

ന്യൂഡല്‍ഹി: പോലിസുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം ഞായറാഴ്ച ഹരിയാനയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷകസംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ(എസ്‌കെഎം) മുതിര്‍ന്ന നേതാക്കളായ ഡോ. ദര്‍ശന്‍ പാല്‍, രാകേഷ് ടികായത്ത്, ബാല്‍ബീര്‍ സിങ് റജ്ജേവാള്‍, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് എന്നിവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച സംഘര്‍ഷമുണ്ടാവുന്നതിനു മുമ്പേ തീരുമാനിച്ചതാണ് മഹാപഞ്ചായത്ത്. ജലന്ധര്‍- ഡല്‍ഹി ദേശീയപാത ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രണ്ടുമണിക്കൂര്‍ ഉപരോധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു. ജലന്ധറിലെ പിഎപി ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിക്കാനും എസ്‌കെഎം തീരുമാനിച്ചു. ഈ സമയം അമൃത്സറിലേക്കും ലുധിയാനയിലേക്കുമുള്ള റോഡുകള്‍ അടച്ചിടും.

പഞ്ചാബിലെ റോഡുകളും ദേശീയപാതകളും രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടയുമെന്ന് പഞ്ചാബില്‍നിന്നുള്ള കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ യൂനിയന്റെ നേതാവ് ജോഗീന്ദര്‍ ഉഗ്രാഹന്‍ പറഞ്ഞു. ശനിയാഴ്ച ഹരിയാനയിലെ കര്‍ണാലില്‍ പോലിസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ച ബിജെപി നേതാക്കളുടെ യോഗത്തിനെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതെത്തുടര്‍ന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ ഹരിയാനയിലെ മിക്ക റോഡുകളും തടഞ്ഞിരുന്നു. ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തിനുശേഷം മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.

പരിധി ലംഘിക്കുന്നത് ഒരാള്‍ക്കും ഗുണകരമല്ലെന്ന് ജൂണില്‍ അദ്ദേഹം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. യോഗത്തിനെത്തിയ ബിജെപി നേതാവ് ഒ പി ധന്‍കറിന്റെ വാഹനവ്യൂഹം കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പോലിസ് ലാത്തിവീശിയത്. ദേശീയപാത ഉപരോധിച്ചതിനു വളരെക്കുറച്ച് പോലിസുകാരെ ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കര്‍ണാല്‍ പോലിസ് ഐജി മംമ്ത സിങ് പറഞ്ഞു.

പരിക്കേറ്റ കര്‍ഷകരുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കര്‍ഷകസംഘടനകള്‍ക്കിടയില്‍നിന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍നിന്നും വലിയതോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. 'കര്‍ഷകരുടെ തല പൊട്ടിക്കൂ'വെന്ന് പോലിസിനോട് ആവശ്യപ്പെടുന്ന കര്‍ണാലിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിങ്ങിന്റെ വിവാദ വീഡിയോയും പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു. രക്തചൊരിച്ചിലാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it