India

തബ്‌ലീഗിനെതിരായ മാധ്യമവേട്ട; കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും സുപ്രിംകോടതി നോട്ടീസ്

ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളും വാര്‍ത്തകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

തബ്‌ലീഗിനെതിരായ മാധ്യമവേട്ട; കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും സുപ്രിംകോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരായ മാധ്യമവേട്ടയില്‍ കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ബ്രോഡ്കാസ്റ്റിങ് അസോസിയേഷനും സുപ്രിംകോടതി നോട്ടീസ് അയച്ചു. കൊവിഡ് സമയത്ത് ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോയത് ഒരുവിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ചെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്, പീസ് പാര്‍ട്ടിയില്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രിംകോടതിയുടെ ഇടപെടലുണ്ടായത്.

ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളും വാര്‍ത്തകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തിന്റെ പ്രധാന ഭാഗമാണ് പ്രകോപനം തടയല്‍. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി.

ന്യായവും സത്യസന്ധവുമായ റിപോര്‍ട്ടിങ് പ്രശ്‌നമുള്ള വിഷയമല്ല. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതൊരു പ്രശ്‌നമായിവരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഏതാനും കേസുകളില്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസ് ഇതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകളുണ്ട് എന്നതാണ് വസ്തുത.

നിങ്ങള്‍ (കേന്ദ്രസര്‍ക്കാര്‍) ഇതിനെതിരേ ഒന്നും ചെയ്യുന്നില്ല. ഇത് രണ്ട് രീതിയിലും സംഭവിക്കാം. ദുഷ്പ്രചാരണം ഒരു സമുദായത്തിനുമെതിരാവാം- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചില കേസുകളില്‍ ടെലിവിഷന്‍ ചാനലിനെതിരേ നടപടിയെടുക്കുമെന്നും കോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. ടെലിവിഷന്‍ പരിപാടികള്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദാംശങ്ങള്‍ കൈയിലുണ്ട്. എന്നാല്‍, ഒരു തല്‍സമയ ചാറ്റ് ഷോയില്‍ നിയന്ത്രണമില്ല. ഒരാള്‍ മോശമായത് എന്തെങ്കിലും പറഞ്ഞാല്‍ അത് തടയാന്‍ കഴിയില്ല. അത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനായി ഒരു ഗ്രൂപ്പുണ്ട്. അവര്‍ നടപടിയെടുക്കുന്നു. ഞങ്ങള്‍ ഒരാഴ്ചയോളം ടെലികാസ്റ്റിങ് നിര്‍ത്തിവച്ചിട്ടുണ്ട്- തുഷാര്‍ മേത്ത പറഞ്ഞു.

ആളുകള്‍ പറയുന്നതൊന്നും തടയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കലാപത്തിലേക്ക് നയിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്ന പ്രക്ഷേപണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ ദിവസങ്ങളില്‍ ആളുകള്‍ ടെലിവിഷനില്‍ എന്തും പറയുന്നു. അവര്‍ അത് ചെയ്യട്ടെ. നിങ്ങള്‍ കര്‍ഷക റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നിങ്ങളുടെ ശ്രദ്ധ കര്‍ഷകരിലല്ലായിരുന്നു. മറിച്ച് നിങ്ങള്‍ ഇന്റര്‍നെറ്റ് മൊബൈല്‍ അടച്ചു. എല്ലായിടത്തുമുണ്ടാകാവുന്ന പ്രശ്‌നങ്ങളാണിവ.

കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) നിയമം സര്‍ക്കാര്‍ പരിഷ്‌കരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിയമത്തിലെ ഒരു വരിക്ക് മാത്രമേ ഇതൊക്കെ ചെയ്യാന്‍ കഴിയൂ- ജഡ്ജിമാര്‍ പറഞ്ഞു. തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും നടപടിയെടുത്തിട്ടുണ്ടെന്നും ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ചാനലുകള്‍ ക്ഷമാപണം നടത്തിയ കാര്യവും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it