India

കൊറോണ: ശാഹീന്‍ബാഗ് സമരം പിന്‍വലിക്കണമെന്ന് ഡല്‍ഹി പോലിസ്; പ്രതിരോധനടപടികള്‍ സ്വീകരിച്ച് സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍

സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം 40 മുതല്‍ 44 വരെ സ്ത്രീകളായിരിക്കും ഒരേസമയം പ്രതിഷേധത്തില്‍ പങ്കെടുക്കുക. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇവര്‍ മാറിക്കൊണ്ടിരിക്കും. പ്രതിഷേധക്കാര്‍ തമ്മില്‍ ഒരുമീറ്റര്‍ അകലം പാലിക്കും. പ്രായമായവരെയും കുട്ടികളെയും സമരത്തില്‍നിന്ന് മാറ്റിനിര്‍ത്തും.

കൊറോണ: ശാഹീന്‍ബാഗ് സമരം പിന്‍വലിക്കണമെന്ന് ഡല്‍ഹി പോലിസ്; പ്രതിരോധനടപടികള്‍ സ്വീകരിച്ച് സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശാഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി പോലിസ് രംഗത്ത്. അതേസമയം, സമരം പിന്‍വലിക്കില്ലെന്നും ആളുകളുടെ എണ്ണം കുറച്ചും കൊറോണ പ്രതിരോധനടപടികളും കൈക്കൊണ്ടും സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. രാജ്യതലസ്ഥാനത്ത് അമ്പതിലധികം പേര്‍ ഒരുമിച്ചുകൂടുന്നത് നിരോധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പ്രതിഷേധസമരം നടത്തുന്നവര്‍ക്കും ഇത് ബാധകമാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി പോലിസ് ചൊവ്വാഴ്ച സമരക്കാരെ സമീപിച്ചത്. ശാഹീന്‍ബാഗില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍ഡബ്ല്യുഎ) പ്രതിനിധികള്‍, പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ എന്നിവരുമായി ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഡല്‍ഹി പോലിസ് സംഘം ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഉത്തരവ് പാലിക്കുമെന്നും സമരം നടത്തുന്നവരുടെ എണ്ണം 50 പേരില്‍ താഴെയാക്കുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ പോലിസിനോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം 40 മുതല്‍ 44 വരെ സ്ത്രീകളായിരിക്കും ഒരേസമയം പ്രതിഷേധത്തില്‍ പങ്കെടുക്കുക. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇവര്‍ മാറിക്കൊണ്ടിരിക്കും. പ്രതിഷേധക്കാര്‍ തമ്മില്‍ ഒരുമീറ്റര്‍ അകലം പാലിക്കും. പ്രായമായവരെയും കുട്ടികളെയും സമരത്തില്‍നിന്ന് മാറ്റിനിര്‍ത്തും. ചൊവ്വാഴ്ച വൈകീട്ടോടെ ഇതുസംബന്ധിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തി ക്രമീകരണം വരുത്തിയിട്ടുണ്ട്. മെഡിക്കല്‍, നിയമവിദഗ്ധരുടെ സഹായം തങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ സമരത്തില്‍ പങ്കെടുക്കാനെത്തുന്നവരെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കും. ഇതിനായി നാലുപേരെ നിയോഗിച്ചിട്ടുണ്ട്. നേരിയ പനിയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ സമരത്തില്‍ പങ്കെടുപ്പിക്കില്ല.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാന്‍ സമരക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്തുന്നതിന് സാനിറ്റൈസറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്നതിനാല്‍ ശാഹീന്‍ബാഗ് സമരം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ബാരിക്കേഡിനുള്ളില്‍വച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 15 മുതലാണ് ശാഹീന്‍ബാഗില്‍ സിഎഎ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. നൂറുകണക്കിന് സ്ത്രീകളാണ് രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it