India

ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്; സര്‍ക്കാരിന്റെ ഏത് നീക്കത്തെയും ബിജെപി എതിര്‍ക്കുമെന്ന് ബിജെപി

ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്; സര്‍ക്കാരിന്റെ ഏത് നീക്കത്തെയും ബിജെപി എതിര്‍ക്കുമെന്ന് ബിജെപി
X

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ വീണ്ടും ചൂട് പിടിക്കുന്നു. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കാശപ്പനവര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന പരിപാടി എന്ന നിലയില്‍ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു വിജയാനന്ദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയം.

പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ടിപ്പു ജയന്തി തുടച്ചയായി ഉപേക്ഷിക്കുന്നതിനെയും വിജയാനന്ദ് ചോദ്യം ചെയ്തു. 'എന്ത് കൊണ്ടാണ് നമ്മള്‍ ആഘോഷിക്കാതിരിക്കുന്നത്. അത് തെറ്റാണ്. ഈ പ്രീതിപ്പെടുത്തല്‍ കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും. ടിപ്പു ജയന്തി നമ്മള്‍ ആഘോഷിക്കാന്‍ തുടങ്ങിയത് 2013 മുതലാണ്. അത് പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. നമ്മള്‍ മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ ജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ' എന്നായിരുന്നു വിജയാനന്ദ് കാശപ്പനവറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നത്.

ആഘോഷം പുനഃസ്ഥാപിക്കുക എന്ന ആശയത്തെ അംഗീകരിക്കുന്നു എന്നായിരുന്നു മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി ഹെബ്ബാല്‍ക്കറുടെ പ്രതികരണം. 'ഇതൊരു മതേതര രാജ്യമാണ്. അതിനാല്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റ്. അത് കര്‍ണാടകയില്‍ ആഘോഷിക്കുന്ന മറ്റേത് ജയന്തി ആഘോഷവും പോലെ മാത്രമാണ്. ഹിന്ദു-മുസ് ലിം പ്രശ്‌നം സൃഷ്ടിക്കുന്നതിന് മാത്രമാണ് ബിജെപിക്ക് താല്‍പ്പര്യം' എന്നും ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ വ്യക്തമാക്കി.

എന്നാല്‍ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെ കടുത്ത നിലപാടുമായാണ് ബിജെപി രംഗത്ത് വന്നത്. ടിപ്പു ജയന്തി പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ഏത് നീക്കത്തെയും ബിജെപി തീര്‍ച്ചയായും എതിര്‍ക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആര്‍ അശോകയുടെ പ്രതികരണം.

2015ല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നലെ ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുടക് ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വര്‍?ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ച് 2019ല്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗികമായി ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it