India

കുടിയേറ്റ തൊഴിലാളികള്‍ക്ക് 7,500 രൂപ അക്കൗണ്ടില്‍ നല്‍കണം; കോണ്‍ഗ്രസ് പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ രാഹുല്‍ഗാന്ധി

നൂറുകിലോമീറ്ററുകള്‍ കാല്‍നടയായി പിന്നിട്ടതിന് ശേഷം റോഡരികില്‍ വിശ്രമിക്കാനിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം നടപ്പാതയില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. 16 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മെയ് 16നാണ് ചിത്രീകരിച്ചിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് 7,500 രൂപ അക്കൗണ്ടില്‍ നല്‍കണം; കോണ്‍ഗ്രസ് പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ രാഹുല്‍ഗാന്ധി
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന 13 കോടിയോളം നിര്‍ധനരായ കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് 7,500 രൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്ക് ഡൗണില്‍ കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട് ജന്‍മനാട്ടിലേക്ക് പോവാന്‍ കിലോമീറ്ററുകള്‍ കാല്‍നടയായി പോവുന്ന തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് രാഹുല്‍ ഈ ആവശ്യമുന്നയിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹരിയാനയിലെ അംബാലയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചത്.

നൂറുകിലോമീറ്ററുകള്‍ കാല്‍നടയായി പിന്നിട്ടതിന് ശേഷം റോഡരികില്‍ വിശ്രമിക്കാനിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം നടപ്പാതയില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. 16 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മെയ് 16നാണ് ചിത്രീകരിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും അവര്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങളും തൊഴിലിടത്തില്‍നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിനെക്കുറിച്ചും രാഹുല്‍ അവരോട് ചോദിച്ചറിഞ്ഞു. വീഡിയോയുടെ തുടക്കത്തില്‍ കൊവിഡ് 19 ഏറ്റവും മോശമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കിലോമീറ്ററുകളാണ് ഇവര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്.

എന്നാല്‍, അവര്‍ യാത്ര അവസാനിപ്പിക്കുന്നില്ല, നടത്തം തുടരുകയാണ്. അവരെന്താണ് ചിന്തിക്കുന്നത്, ഭയപ്പെടുന്നത്, സ്വപ്നം കാണുന്നത്, അവരുടെ പ്രതീക്ഷകള്‍ എന്നിവയുടെ ചെറിയൊരു സൂചനയാണ് ഈ വീഡിയോയിലൂടെ നല്‍കുന്നതെന്ന് രാഹുല്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി ലഭിക്കണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുകയാണെന്നും അവര്‍ക്കുള്ള സാമ്പത്തിക സഹായം എത്രയും വേഗം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു. ഹരിയാനയിലെ വീടുകളില്‍നിന്ന് ഇറങ്ങിയാല്‍ തങ്ങളെ മര്‍ദിക്കുമെന്ന് പോലിസും ജനങ്ങളും ഭീഷണിപ്പെടുത്തിയതായി കുടിയേറ്റ തൊഴിലാളികള്‍ വീഡിയോയില്‍ രാഹുലിനോട് പറയുന്നു.

നഗരങ്ങളിലെ ഭക്ഷണവും പണവും തീര്‍ന്നുപോയതായും അവര്‍ വിലപിച്ചു, നാട്ടിലേക്ക് മടങ്ങി ഒരു ചെറിയ വരുമാനത്തില്‍ ജീവിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് പണമൊന്നും ലഭിച്ചിട്ടില്ല. ഹരിയാനയില്‍നിന്ന് ട്രെയിന്‍ ടിക്കറ്റിനായി 3,000 രൂപ നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ നഗരങ്ങളിലേക്ക് മടങ്ങില്ലെന്നും ചില തൊഴിലാളികള്‍ പറഞ്ഞു. സ്ത്രീകളും യുവാക്കളുമടക്കം 20 തൊഴിലാളികളോടാണ് രാഹുല്‍ സംസാരിച്ചത്. തൊഴിലാളികളെ ജന്മനാട്ടിലെത്തിക്കാന്‍ രാഹുല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതും നാട്ടിലെത്തിയ അവര്‍ രാഹുലിനു നന്ദി പറയുന്നതുമെല്ലാം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Next Story

RELATED STORIES

Share it