India

'തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫിസ്' ; ബിജെപി ഐടി സെല്‍ ചീഫിനും അര്‍ണബ് ഗോസ്വാമിക്കുമെതിരേ എഫ്‌ഐആര്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫിസ് ; ബിജെപി ഐടി സെല്‍ ചീഫിനും അര്‍ണബ് ഗോസ്വാമിക്കുമെതിരേ എഫ്‌ഐആര്‍
X

ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കുമെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നിയമ സെല്‍ മേധാവി ശ്രീകാന്ത് സ്വരൂപ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് എഫ്‌ഐആര്‍ രജിസട്രര്‍ ചെയ്തിരിക്കുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂള്‍ കോണ്‍ഗ്രസ് സെന്റര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന വ്യാജവാര്‍ത്തയാണ് ബിജെപി ഐടി സെല്‍ ചീഫും അര്‍ണാബ് ഗോസ്വാമിയും ദുരുദ്ദേശ്യപൂര്‍വ്വം പ്രചരിപ്പിച്ചതെന്ന് ശ്രീകാന്ത് സ്വരൂപ് വ്യക്തമാക്കി.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും അശാന്തി വിതയ്ക്കാനും ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് വ്യാജപ്രചാരണമെന്ന് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ ആരോപിച്ചു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണിത്. പാര്‍ട്ടിക്കോ പാര്‍ട്ടി നേതൃത്വത്തിനോ എതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനും നിയമപരമായും രാഷ്ട്രീയപരമായും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ലീഗല്‍ സെല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഈ പരാതി അടിയന്തരാവസ്ഥയായി പരിഗണിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, സിബിഐ, മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവരോട് സ്വരൂപ് അഭ്യര്‍ത്ഥിച്ചു.





Next Story

RELATED STORIES

Share it