India

വെള്ളമെന്നുകരുതി ആസിഡ് കുടിച്ചു; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സഹപാഠിയുടെ വാട്ടര്‍ബോട്ടിലില്‍നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിച്ച സഞ്ജനയെന്ന കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡല്‍ഹിയിലെ ഹര്‍ഷ്‌വിഹാറിലുള്ള സ്വകാര്യസ്‌കൂളിലായിരുന്നു സംഭവം.

വെള്ളമെന്നുകരുതി ആസിഡ് കുടിച്ചു; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അബദ്ധത്തില്‍ ആസിഡ് കുടിച്ച് മരിച്ചു. സഹപാഠിയുടെ വാട്ടര്‍ബോട്ടിലില്‍നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിച്ച സഞ്ജനയെന്ന കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡല്‍ഹിയിലെ ഹര്‍ഷ്‌വിഹാറിലുള്ള സ്വകാര്യസ്‌കൂളിലായിരുന്നു സംഭവം. ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് കുട്ടി ഛര്‍ദിക്കുകയും ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായില്ല.

ശുചിമുറി വൃത്തിയാക്കുന്ന ആസിഡാണ് കുട്ടി കഴിച്ചതെന്നാണ് പോലിസ് പറയുന്നത്. വാട്ടര്‍ബോട്ടിലാണെന്ന് കരുതി ശീതളപാനീയത്തിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് സഹപാഠി സ്‌കൂളില്‍ കൊണ്ടുവന്നത്. ഉച്ചഭക്ഷണ സമയത്ത് രണ്ടുകുട്ടികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് വെള്ളം കുടിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ 304 എ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി അതുല്‍കുമാര്‍ ധാക്കൂര്‍ അറിയിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ സഞ്ജയ് ഗോയലും പറഞ്ഞു. ആസിഡ് അടങ്ങിയ ബോട്ടില്‍ കൊണ്ടുവന്ന കുട്ടിയുടെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.






Next Story

RELATED STORIES

Share it