India

ബില്ലടയ്ക്കാത്തതിന് ശസ്ത്രക്രിയയുടെ മുറിവ് തുന്നാതെ സ്വകാര്യാശുപത്രിയുടെ ക്രൂരത; യുപിയില്‍ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ 24 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണമെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ചികില്‍സാ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലടയ്ക്കാത്തതിന് ശസ്ത്രക്രിയയുടെ മുറിവ് തുന്നാതെ സ്വകാര്യാശുപത്രിയുടെ ക്രൂരത; യുപിയില്‍ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയ്ക്കു മുന്നില്‍ മൂന്നുവയസുകാരി ദാരുണമായി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ബില്ലടയ്ക്കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകള്‍ തുന്നിക്കെട്ടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവാത്തതാണ് മരണത്തിന് കാരണമെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരും ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവമുണ്ടായത്.

യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ 24 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണമെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ചികില്‍സാ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അവഗണനയെക്കുറിച്ച് മാതാപിതാക്കള്‍ വിശദീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ പിതാവിന്റെ കൈയിലിരിക്കുന്ന കുട്ടി വേദനയില്‍ പുളയുന്ന കരളലിയിക്കുന്ന ദൃശ്യങ്ങളുമുണ്ട്.

ശസ്ത്രക്രിയയെത്തുടര്‍ന്ന് കുട്ടിയുടെ മൂക്കില്‍നിന്ന് പൈപ്പ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ദൃശ്യമാണ്. കുട്ടി ശ്വസിക്കാന്‍ പ്രയാസപ്പെടുന്നതും മരണത്തിന് കീഴടങ്ങുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അധികാരികളുടെ അടിയന്തര ഇടപെടലുകളുണ്ടായിരിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് മരണപ്പെട്ട കുട്ടിയുടേത്. കൗശമ്പി ജില്ലയിലാണ് ഇവരുടെ സ്വദേശം. ബില്‍ തുകയായി അഞ്ചുലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഞങ്ങള്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട മുഴുവന്‍ പണവും നല്‍കി. എന്നാല്‍, കൂടുതല്‍ പണം ആവശ്യമാണെന്നും അഞ്ചുലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. മൂന്നുതവണ രക്തം ആവശ്യപ്പെട്ടപ്പോഴും നല്‍കിയിരുന്നു. അവസാനം കുട്ടിയെ മുറിവ് പോലും തുന്നിക്കെട്ടാതെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. 1.2 ലക്ഷം രൂപയുടെ ബില്‍ തുകയായിട്ടും 6,000 രൂപ മാത്രമേ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലേക്കു വിടുന്നതിനു മുമ്പ് 15 ദിവസം കുട്ടി ഇവിടെ അഡ്മിറ്റ് ആയിരുന്നുവെന്നും മരിക്കുന്നതിനു മൂന്നുദിവസം മുമ്പുവരെ കുട്ടി ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നുമാണ് സ്വകാര്യാശുപത്രിയുടെ വാദം.

ഫെബ്രുവരി 16നാണ് കുട്ടിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി അഡീഷനല്‍ എസ്പി സമര്‍ ബഹാദൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയയായക്കിയ പെണ്‍കുട്ടിയെ എസ്ആര്‍എം ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. എന്നാല്‍, മാതാപിതാക്കള്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സ നടത്തിയ ശേഷം സ്വകാര്യാശുപത്രിയിലേക്കു തിരിച്ചുകൊണ്ടുവന്നുവെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും എസ്പി വ്യക്തമാക്കി. കുട്ടിയുടെ ആമാശയത്തില്‍ രണ്ട് ശസ്ത്രക്രിയകളാണ് നടത്തിയത്.

Next Story

RELATED STORIES

Share it