India

ആരോഗ്യനില മോശം; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

വൈദ്യപരിശോധനകള്‍ക്കായി ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് മാറ്റിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

ആരോഗ്യനില മോശം; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനകള്‍ക്കായി ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് മാറ്റിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതര്‍ ചികില്‍സ നിഷേധിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരേ വ്യാപകപ്രതിഷേധമുയരുകയും ചെയ്തു.

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആസാദിന് രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി എയിംസിലെ ഇദ്ദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടി കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു. എന്നാല്‍, ഡല്‍ഹി എയിംസിലേക്ക് മാറ്റാതെ ദീന്‍ ഗയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ 21ന് ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലിസ് അറസ്റ്റുചെയ്തത്. ആസാദിന്റെ ജാമ്യം നിരസിച്ച ഡല്‍ഹി കോടതി അദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Next Story

RELATED STORIES

Share it