India

ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എഴുത്തുകാരി ബാനു മുഷ്താഖ്; എതിര്‍പ്പുമായി ബിജെപി; ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഡി കെ ശിവകുമാര്‍

ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എഴുത്തുകാരി ബാനു മുഷ്താഖ്; എതിര്‍പ്പുമായി ബിജെപി; ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഡി കെ ശിവകുമാര്‍
X

ബംഗളൂരു: മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ചാമുണ്ഡി ഹില്‍സും ദേവിയും എല്ലാ മതക്കാരുടേതുമാണെന്ന് ശിവകുമാര്‍ പറഞ്ഞു. സെപ്തംബര്‍ 22ന് ചാമുണ്ഡി ഹില്‍സില്‍ നടക്കുന്ന മൈസൂര്‍ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് മറുപടി പറയുകയായിരുന്നു ശിവകുമാര്‍.

ചാമുണ്ഡി ഹില്‍സും ദേവിയും എല്ലാ മതക്കാരുടേതുമാണ്. അത് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല. എല്ലാ സമുദായങ്ങളിലേയും ആളുകള്‍ ചാമുണ്ഡി ഹില്‍സില്‍ പോയി ദേവിയ പ്രാര്‍ഥിക്കുന്നു. അത് അവരുടെ വിശ്വാസമാണ്. ഞങ്ങള്‍ പള്ളികളിലും ജൈന ക്ഷേത്രങ്ങളിലും ധര്‍ഗകളിലും ഗുരുദ്വാരകളിലും പോകുന്നു. ഇതൊക്കെ രാഷ്ട്രീയമാണ്, ശിവകുമാര്‍ പറഞ്ഞു.

മിശ്രവിവാഹങ്ങളുടെ വിവരങ്ങളും ഒരു മതത്തിലെ ആളുകള്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നതും ഉദാഹരണമായി ശിവകുമാര്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അയോധ്യ രാമക്ഷേത്രം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയില്ല? എന്തുകൊണ്ടാണ് നിങ്ങള്‍ അവിടെ അത്തരമൊരു ബോര്‍ഡ് സ്ഥാപിക്കാതിരുന്നത്? ഇതൊരു മതേതര രാജ്യമാണ്, ഒരു ഭരണഘടനയുണ്ട്. എല്ലാവര്‍ക്കും സംരക്ഷണമുണ്ട്. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസവും പിന്തുടരാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ശിവകുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി നേതാവ് ആര്‍ അശോക രംഗത്തെത്തി. ചാമുണ്ഡിഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്താണ്, മുസ് ലിങ്ങളുടെ അല്ല. നൂറ് ഡി കെ ശിവകുമാര്‍ വന്നാലും അവര്‍ക്ക് അത് മാറ്റാന്‍ കഴിയില്ല. അതൊരു പക്കാ ഹിന്ദു സ്വത്താണ്. ചാമുണ്ഡി കുന്ന്, ധര്‍മസ്ഥല, തിരുപ്പതി, ശബരിമല ഇതെല്ലാം ഹിന്ദുക്കളുടെ സ്വത്താണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ചാമുണ്ഡി ഹില്‍സിലെ വസ്തുക്കളെ തൊടാനോ മാറ്റാനോ ശ്രമിച്ചാല്‍ ഒരു കലാപം തന്നെയുണ്ടാകും- ആര്‍ അശോക പറഞ്ഞു.

മൈസൂര്‍ എം പി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയറും ശിവകുമാറിന്റെ പ്രസ്താവനയെ അപലപിച്ചു. ശിവകുമാറിന്റെ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. ചാമുണ്ഡി ഒരു ശക്തിപീഠമാണ്. വിശുദ്ധമായതും കോടിക്കണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്നതുമാണ്. ക്ഷേത്രം അന്നും ഇന്നും ഹിന്ദുക്കളുടെ സ്വത്തായി തുടരും. കര്‍ണാടകയിലെ ജനങ്ങള്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. പക്ഷേ, ഹിന്ദു ഉത്സവങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുള്ള തുടര്‍ച്ചയായ ആക്രമണം ഒരിക്കലും സഹിക്കാന്‍ കഴിയില്ല, യദുവീര്‍ കൃഷ്ണദത്ത ചാമരാജ പറഞ്ഞു.

കന്നഡ ഭാഷയെ ഭുവനേശ്വരി ദേവിയായി കാണുന്നതിനെതിരെ ബാനു മുഷ്താഖ് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള പഴയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പ്രസംഗത്തിനെതിരെ ബിജെപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ദസറ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ചാമുണ്ഡേശ്വരി ദേവിയോടുള്ള ആരാധനയെക്കുറിച്ച് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, മൈസൂര്‍ എംപി യദുവീര്‍ കൃഷ്ണ ദത്ത തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പഴയ പ്രസംഗത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി പ്രസ്താവന വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്ന് മുഷ്താഖ് പ്രതികരിച്ചു.





Next Story

RELATED STORIES

Share it