India

വൈദ്യുതി (ഉപഭോക്തൃ അവകാശ) നിയമത്തിന്റെ കരടിന് കേന്ദ്രം രൂപം നല്‍കി; നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 30 വരെ സമര്‍പ്പിക്കാം

വൈദ്യുതി വിതരണ കമ്പനികള്‍ തങ്ങളുടെ സേവനത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം അവര്‍ക്കുമേല്‍ നഷ്ടപരിഹാരമോ പിഴയോ ഈടാക്കുന്നതാണ്. നഷ്ടപരിഹാരം പരമാവധി ഓട്ടോമാറ്റിക് വഴിയാവും ഈടാക്കുക

വൈദ്യുതി (ഉപഭോക്തൃ അവകാശ) നിയമത്തിന്റെ കരടിന് കേന്ദ്രം രൂപം നല്‍കി; നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 30 വരെ സമര്‍പ്പിക്കാം
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ഉപഭോക്താക്കളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ടുള്ള വൈദ്യുതി ഉപഭോക്തൃ അവകാശനിയമം 2020ന്റെ കരടിന് കേന്ദ്ര ഊര്‍ജമന്ത്രാലയം രൂപം നല്‍കി. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഈ മാസം 30 വരെ സമര്‍പ്പിക്കാം. ഉപഭോക്താക്കളില്‍നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട്, കരട് നിയമം ഊര്‍ജമന്ത്രാലയം സപ്തംബര്‍ 9നാണ് പുറത്തിറക്കിയത്.

നിയമത്തിലെ പ്രധാനവ്യവസ്ഥകള്‍ ഇപ്രകാരമാണ്:

* സേവനത്തിലെ വിശ്വാസ്യത: വൈദ്യുത വിതരണ കമ്പനികള്‍ക്കായി, പ്രതിവര്‍ഷം ഒരു ഉപഭോക്താവിന് എന്ന നിലയില്‍ വൈദ്യുതി വിതരണത്തിലുണ്ടാവുന്ന തകരാറുകളുടെ ശരാശരി എണ്ണം, അവയുടെ സമയദൈര്‍ഘ്യം എന്നിവ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകള്‍ ക്രമപ്പെടുത്തും.

* വൈദ്യുതി കണക്ഷനുകള്‍ക്ക് സമയബന്ധിതവും ലളിതവുമായ നടപടിക്രമങ്ങള്‍: 10 കിലോവാട്ട് വരെയുള്ള കണക്ഷനുകള്‍ രണ്ടുരേഖകള്‍ മാത്രം ഹാജരാക്കിയാല്‍ മതി. 150 കിലോവാട്ട് വരെയുള്ള വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നതിന് മുമ്പായി ഡിമാന്‍ഡ് ചാര്‍ജുകള്‍ കണക്കാക്കേണ്ടതില്ല

* പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനോ, നിലവിലുള്ളവയില്‍ മാറ്റം വരുത്തുന്നതിനോ ഇനിമുതല്‍ കുറഞ്ഞ സമയക്രമം. മെട്രോ സിറ്റികളില്‍ ഏഴുദിവസം, മറ്റു മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 15 ദിവസം, ഗ്രാമീണമേഖലകളില്‍ 30 ദിവസം എന്നിവയ്ക്കുള്ളില്‍ പുതിയ കണക്ഷനുകള്‍ ഉറപ്പാക്കേണ്ടതാണ്.

* 60 ദിവസമോ അതിലധികമോ കാലതാമസം നേരിടുന്ന ബില്ലുകള്‍ക്ക് രണ്ടുമുതല്‍ അഞ്ചുശതമാനം വരെ റിബേറ്റ്.

* ബില്ലുകള്‍ പണമായോ ചെക്ക് ആയോ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ നെറ്റ് ബാങ്കിങ് മുഖാന്തിരമോ അടയ്ക്കാവുന്നതാണ്. പക്ഷേ, 1000 രൂപയോ അതിനുമുകളിലുള്ളതോ ആയ ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ അടയ്ക്കാനാവൂ.

* വൈദ്യുതി ബന്ധം വിച്ഛേദിക്കുക, പുനരാരംഭിക്കുക, മീറ്റര്‍ മാറ്റി സ്ഥാപിക്കുക, ബില്ലിങ് നടപടികള്‍, പണമടയ്കല്‍ എന്നിവയ്ക്ക് പ്രത്യേക വ്യവസ്ഥകള്‍.

* പ്രൊസുമെര്‍സ് (PROSUMERS) വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രത്യേക അംഗീകാരം. മേല്‍ക്കൂരയില്‍ സൗരോര്‍ജ ഉല്‍പ്പാദന സംവിധാനം സ്ഥാപിച്ചിരിക്കുന്നവര്‍, സൗരോര്‍ജ ജലസേചന പമ്പുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ ഉപഭോക്താക്കളെയാണ് ഈ പുതിയ ഗണത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരക്കാര്‍ക്ക് തങ്ങളുടെ ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഷിക്കുന്നത് ഗ്രിഡിലേക്ക് വിതരണം ചെയ്യാനും അവകാശമുണ്ടായിരിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകള്‍ തീരുമാനിക്കുന്ന പരിധി അനുസരിച്ച്, തങ്ങളുടെ നിലവിലെ കണക്ഷന്‍ പോയിന്റ് വഴി തന്നെ ഇവര്‍ക്ക് വൈദ്യുതി, ഗ്രിഡിലേക്ക് നല്‍കാവുന്നതാണ്.

* വൈദ്യുതി വിതരണ കമ്പനികള്‍ തങ്ങളുടെ സേവനത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം അവര്‍ക്കുമേല്‍ നഷ്ടപരിഹാരമോ പിഴയോ ഈടാക്കുന്നതാണ്. നഷ്ടപരിഹാരം പരമാവധി ഓട്ടോമാറ്റിക് വഴിയാവും ഈടാക്കുക.

* പുതിയ കണക്ഷനുകള്‍, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ബന്ധം പുനരാരംഭിക്കുക, കണക്ഷനുകള്‍ മാറ്റിസ്ഥാപിക്കുക, ഉപഭോക്താവിന്റെ പേര് മറ്റുവിവരങ്ങള്‍ എന്നിവയില്‍ മാറ്റംവരുത്തുക, മീറ്ററുകള്‍ മാറ്റിസ്ഥാപിക്കുക, വൈദ്യുതി ബന്ധത്തില്‍ തടസ്സം നേരിടുക തുടങ്ങിയവയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ കാള്‍ സെന്ററുകള്‍, വെബ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ. എസ്എംഎസ് ഇ-മെയില്‍ മുന്നറിയിപ്പുകള്‍, ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഇവ.

* സബ്ഡിവിഷന്‍ തലത്തില്‍ തുടങ്ങി വിവിധ തലങ്ങളില്‍ ഉപഭോക്തൃപരിഹാര സംവിധാനങ്ങള്‍. ഇവയില്‍ ഉപഭോക്താക്കളില്‍നിന്ന് 2-3 പ്രതിനിധികളെ വരെ ഉള്‍പ്പെടുത്തും

Next Story

RELATED STORIES

Share it