India

ന്യൂസ് ക്ലിക്കിനെതിരെ സിബിഐ അന്വേഷണം; വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം അന്വേഷിക്കും

പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലാണ്.

ന്യൂസ് ക്ലിക്കിനെതിരെ സിബിഐ അന്വേഷണം; വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം അന്വേഷിക്കും
X
ഡല്‍ഹി: ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം ഏറ്റെടുത്ത് സിബിഐ. വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം അന്വേഷിക്കും. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയുടെ വീട്ടില്‍ സിബിഐ സംഘം പരിശോധന നടത്തി. എട്ടംഗ സംഘം എത്തിയാണ് പരിശോധന നടത്തിയത്. പ്രബീര്‍ പുരകായസ്തയുടെ പങ്കാളിയും എഴുത്തുകാരിയുമായ ഗീതാ ഹരിഹരനെ ചോദ്യം ചെയ്തുവെന്നും സൂചനയുണ്ട്.

പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലാണ്. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടലിന്റെ ചില വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. ഒക്ടോബര്‍ നാലിന് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലുമായി 20 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്.

എഫ്‌സിആര്‍എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു.


Next Story

RELATED STORIES

Share it