India

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ

വിധി പറയുന്ന ദിവസം പ്രതികളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഹാജരാവണമെന്ന് വിചാരണ ക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരടക്കം 32 പ്രതികള്‍ക്കെതിരെയുള്ള വിചാരണ പ്രത്യേക കോടതി പൂര്‍ത്തിയാക്കി.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ നാളെ വിധി പറയും. ലഖ്‌നോവിലെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോവുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി ഈമാസം 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

വിധി പറയാന്‍ ആഗസ്ത് 31 വരെയാണ് സുപ്രിംകോടതി നേരത്തെ വിചാരണക്കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തെ സമയം അനുവദിക്കുകയുമായിരുന്നു. വിധി പറയുന്ന ദിവസം പ്രതികളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഹാജരാവണമെന്ന് വിചാരണ ക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരടക്കം 32 പ്രതികള്‍ക്കെതിരെയുള്ള വിചാരണ പ്രത്യേക കോടതി പൂര്‍ത്തിയാക്കി.

ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് ഒരുമിച്ചായിരുന്നു വിചാരണ നടന്നത്. പള്ളി തകര്‍ക്കുന്നതിലേക്ക് നയിച്ച കര്‍സേവയുടെ ഗൂഢാലോചനയില്‍ അദ്വാനിക്കും ജോഷിക്കും ഉമാ ഭാരതിക്കും പങ്കുണ്ടെന്ന് സിബിഐ ബോധിപ്പിച്ചിരുന്നു. അദ്വാനിയും ജോഷിയുമടക്കമുള്ളവര്‍ പ്രത്യേക സിബിഐ കോടതിയില്‍ കഴിഞ്ഞ ജൂലൈ 24ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മൊഴി നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്നും രാഷ്ട്രീയപകപോക്കലിനായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നുമാണ് എല്‍ കെ അദ്വാനി കോടതിക്ക് മുമ്പാകെ മൊഴി നല്‍കിയത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. കേസില്‍ ആദ്യം രണ്ട് എഫ്‌ഐആറുകളാണ് സമര്‍പ്പിച്ചത്. പിന്നീട് 45 എഫ്‌ഐആറുകള്‍കൂടി സമര്‍പ്പിച്ചു. 1992 ഡിസംബര്‍ 16ന് ബാബരി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു. കേസ് കേള്‍ക്കുന്നതിനായി 1993 ജൂലൈ 8ന് റായ്ബറേലിയില്‍ പ്രത്യേക സിബിഐ കോടതി സ്ഥാപിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്. 2005 ജൂലൈ 28ന് 57 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കുറ്റപത്രം തയ്യാറാക്കി. കേസ് സുപ്രിംകോടതി 2017 മെയ് 30ന് ലഖ്നോ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it