India

യുക്രെയ്‌നില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തണം. ഇ ടി മുഹമ്മദ് ബഷീര്‍ എംപി

യുക്രെയ്‌നില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തണം. ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ നേരില്‍കണ്ട് അഭ്യര്‍ഥിച്ചു. അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റുമേനിയ എന്നിവ വഴി നാട്ടിലേക്ക് കൊണ്ടുവരുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണം. ഇപ്പോള്‍ ബങ്കറുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് കമ്മിറ്റി ചെയര്‍മാന്‍, വിദേശകാര്യ സെക്രട്ടറി എന്നിവരോടും എംപി ഇക്കാര്യം ആവശ്യപ്പെട്ടു. ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെഡ് ക്രോസുമായി സഹകരിച്ച് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇന്ത്യ യുക്രെയ്‌നുമായും റഷ്യയുമായും നല്ല ബന്ധം തുടരുന്നതിനാല്‍ റഷ്യന്‍ അതിര്‍ത്തികളില്‍ കഴിയുന്ന ആളുകളെ കൊണ്ടുവരുന്നതിനുള്ള സാധ്യതയും ആരായുകയാണ്. അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോവുന്നതിനുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി എംപിയെ അറിയിച്ചു.

പന്ത്രണ്ടായിരത്തോളം പേര്‍ ഇതിനകം ഇന്ത്യയിലെത്തിക്കഴിഞ്ഞു. അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞാലുണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്- യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ക്യാംപുകളില്‍ ഇതിനകം എത്തിച്ചേര്‍ന്ന ആളുകളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. യഥാസമയം പത്രമാധ്യമങ്ങള്‍ മുഖേനയും സോഷ്യല്‍ മീഡിയ മുഖേനയും ജനപ്രതിനിധികള്‍ മുഖേനയും വാര്‍ത്തകള്‍ വിശദീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

യുക്രെയ്‌നില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരെയും വളരെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിദേശകാര്യമന്ത്രാലയവും എംബസിയും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുപോവുകയണ്. അവിടെ നിന്ന് മടങ്ങിവന്ന കുട്ടികള്‍ക്ക് തുടര്‍പഠനം നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കും. ഹെല്‍പ് ലൈന്‍ സൗകര്യവും വര്‍ധിപ്പിക്കും. കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പാടാക്കും. ബങ്കറുകളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യമാണ്.

വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നത്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. ഉക്രെയ്‌ന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ അതിര്‍ത്തി രാജ്യങ്ങളിലെത്തിക്കുന്നതിന് വളരെയേറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. മണിക്കൂറുകളോളം ബസ്സില്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഇന്ത്യ എല്ലാ രാജ്യങ്ങളുമായും നല്ല നയതന്ത്ര ബന്ധം പുലര്‍ത്തുന്നതുകൊണ്ട് ആളുകളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അവരുടെ കൂടി സഹകരണം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it