India

ട്രക്കിങിനിടെ അഗ്‌നിപര്‍വ്വതത്തിനുള്ളിലേക്ക് കാല്‍ വഴുതി വീണ് ബ്രസീല്‍ സ്വദേശിനി മരിച്ചു

ട്രക്കിങിനിടെ അഗ്‌നിപര്‍വ്വതത്തിനുള്ളിലേക്ക് കാല്‍ വഴുതി വീണ് ബ്രസീല്‍ സ്വദേശിനി മരിച്ചു
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്കിലേക്കുള്ള വിനോദയാത്രയില്‍ 26കാരിക്ക് ദാരുണാന്ത്യം. ട്രക്കിങിനിടെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്‌നിപര്‍വ്വതത്തിനുള്ളിലേക്ക് വീണാണ് ബ്രസീല്‍ സ്വദേശിനി മരിച്ചത്. ലോംബോക്ക് ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതമായ റിന്‍ജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിന്‍ജാനിയിലേക്കുള്ള ട്രെക്കിംഗിനിടെയാണ് ബ്രസീല്‍ സ്വദേശിയായ 26കാരിയായ ജൂലിയാന മരിന്‍സ് അഗ്‌നിപര്‍വ്വതത്തിനുള്ളില്‍ വീണത്. അഗ്‌നിപര്‍വ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിന്‍സ് വീണത്.

ഒപ്പമുണ്ടായിരുന്നവര്‍ ജൂലിയാനയ്ക്കായി തെരച്ചില്‍ നടത്തി അഗ്‌നിപര്‍വ്വത മുഖഭാഗത്ത് 984 അടി താഴ്ചയില്‍ വരെ എത്തിയെങ്കിലും ആദ്യം യുവതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഴ്ചയില്‍ പറ്റിയ പരിക്കുകളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ യുവതിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയ മേഖലയില്‍ നിന്ന് വീണ്ടും താഴേയ്ക്ക് യുവതി പതിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. 1968 അടി താഴ്ചയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്താനായത്.

3726 മീറ്റര്‍ ഉയരമുള്ള റിന്‍ജാനി സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും എത്തുന്നത്. അതേസമയം അപകടത്തിന് ശേഷവും മേഖലയില്‍ വിനോദസഞ്ചാരികളെ അനുവദിക്കുന്നതില്‍ മൗണ്ട് റിന്‍ജാനി പാര്‍ക്ക് അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.




Next Story

RELATED STORIES

Share it