India

നെഹ്രു കുടുംബത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: ബോളിവുഡ് നടി പായല്‍ റോഹത്ഗി അറസ്റ്റില്‍

മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പോസ്റ്റുചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് പോലിസ് നടപടി.

നെഹ്രു കുടുംബത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: ബോളിവുഡ് നടി പായല്‍ റോഹത്ഗി അറസ്റ്റില്‍
X

ജയ്പൂര്‍: നെഹ്രു കുടുംബത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് ബോളിവുഡ് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പോലിസ് അറസ്റ്റുചെയ്തു. അഹമ്മദാബാദില്‍നിന്നാണ് അവരെ കസ്റ്റഡിയിലെടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലിസ് സൂപ്രണ്ട് മമത ഗുപ്ത പറഞ്ഞു. മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പോസ്റ്റുചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് പോലിസ് നടപടി.

രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചാര്‍മേഷ് ശര്‍മയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതിയെത്തുടര്‍ന്ന് ബോളിവുഡ് നടിക്കെതിരേ ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തിരുന്നു. ഇ-മെയില്‍ വഴിയും പോസ്റ്റലായും പോലിസ് നിരവധി നോട്ടീസുകള്‍ അയച്ചിട്ടും ചോദ്യംചെയ്യലിനായി രോഹത്ഗി ബുന്ദിയിലേക്ക് വരാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അന്വേഷണത്തിനായി പോലിസ് സംഘം അഹമ്മദാബാദിലേക്ക് തിരിക്കുകയും നടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ നടി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. രോഹത്ഗി വെള്ളിയാഴ്ച പ്രാദേശിക കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ വാദം കേള്‍ക്കാനായിരുന്നില്ല.

തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും. അതേസമയം, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജസ്ഥാന്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശവുമായി നടി പായല്‍ റോഹത്ഗി രംഗത്തെത്തി. രാജസ്ഥാന്‍ പോലിസ് തന്നെ അറസ്റ്റുചെയ്തുവെന്ന് അവര്‍ ആരോപിച്ചു. മോട്ടിലാല്‍ നെഹ്രുവിനെക്കുറിച്ച് വീഡിയോ തയ്യാറാക്കിയതിനാണ് തന്നെ അറസ്റ്റുചെയ്തത്. ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ വിവരങ്ങളാണ് തയ്യാറാക്കാന്‍ ഉപയോഗിച്ചത്. അഭിപ്രായസ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും അവര്‍ സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.

Next Story

RELATED STORIES

Share it