India

എംഎല്‍എമാരും എംപിയും തൃണമൂലിലേക്ക് പോയി; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ നീക്കി ബിജെപി

എംഎല്‍എമാരും എംപിയും തൃണമൂലിലേക്ക് പോയി; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ നീക്കി ബിജെപി
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്ഥാനത്തുനിന്ന് ബിജെപി നീക്കി. ബിജെപി വിട്ട് എംഎല്‍എമാരും എംപിയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയതിന്റെ പശ്ചാത്തലത്തിലാണ് അധ്യക്ഷനെതിരേ അച്ചടക്കനടപടിയുണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ വടക്കന്‍ ബംഗാളിലെ ബാലൂഘട്ടില്‍നിന്നുള്ള എം പി സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇതുവരെ നാല് എംഎല്‍എമാരും ഒരു എംപിയുമാണ് ബിജെപിയില്‍നിന്ന് തൃണമൂലിലെത്തിയത്.

മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. എംഎല്‍എമാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്‍മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബാബുലിന് മുമ്പ് ബിജെപി വിട്ട് മമതയ്‌ക്കൊപ്പം ചേര്‍ന്നത്. ബാബുല്‍ സുപ്രിയോ ബിജെപി വിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോളാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെതിരേ നടപടിയുണ്ടായിരിക്കുന്നത്. ദിലീപ് ഘോഷിനെതിരേ ആരോപണമുന്നയിച്ചാണ് ബിജെപി ക്യാംപില്‍നിന്ന് നേതാക്കള്‍ തൃണമൂലിലേക്ക് ഒഴുകിയത്. ദിലീപ് ഘോഷ് ബംഗാളിലെ ശക്തമായ ഒരു പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ബിജെപിയെ ഇപ്പോഴത്തെ നിലയിലേക്ക് നയിച്ചെന്ന് ആര്‍എസ്എസ്സിലൂടെ ഉയര്‍ന്നുവന്ന ബോട്ടണി പ്രഫസര്‍ കൂടിയായ ഡോ. മജുംദാര്‍ പറഞ്ഞു.

ബിജെപിയുടെ വളര്‍ച്ചയില്‍ അദ്ദേഹം ഗണ്യമായ സംഭാവന നല്‍കി. ആ ഘട്ടത്തില്‍നിന്ന് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ അധ്യക്ഷന്‍ ഡോ. മജുംദാറിനെ ദിലീപ് ഘോഷ് അഭിനന്ദിച്ചു. ജെ പി നദ്ദ ഇന്ന് ഉച്ചയ്ക്ക് വിളിച്ചു. എന്നെ ദേശീയ തലത്തിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. ഇത് എന്റെ പ്രവര്‍ത്തനത്തിന്റെയും സംഭാവനയുടെയും അംഗീകാരമാണെന്ന് കരുതുന്നു. ബംഗാളിലെ ബിജെപി നേതൃത്വത്തിന് സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും പുതിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരുമാറ്റം ആവശ്യമുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയില്‍ 200ലധികം സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍, 77 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്.

Next Story

RELATED STORIES

Share it