India

മകന്റേത് മോശം ജാതകമെന്ന് ജോല്‍സ്യന്‍; നാലുവയസുകാരനെ പിതാവ് തീക്കൊളുത്തി കൊന്നു

മകന്റെ മോശം ജാതകമാണെന്നും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമുള്ള ജോല്‍സ്യന്റെ പ്രവചനം വിശ്വസിച്ചാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29) യുടെ മകന്‍ സായ് ശരണാ (4) ണ് മരിച്ചത്.

മകന്റേത് മോശം ജാതകമെന്ന് ജോല്‍സ്യന്‍; നാലുവയസുകാരനെ പിതാവ് തീക്കൊളുത്തി കൊന്നു
X

ചെന്നൈ: തഞ്ചാവൂരില്‍ ജോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് നാലുവയസുകാരനായ മകനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊന്നു. ഫെബ്രുവരി 25ന് തിരുവാരൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മകന്റെ മോശം ജാതകമാണെന്നും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമുള്ള ജോല്‍സ്യന്റെ പ്രവചനം വിശ്വസിച്ചാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29) യുടെ മകന്‍ സായ് ശരണാ (4) ണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ രാംകിയെ പോലിസ് അറസ്റ്റുചെയ്തു.

പോലിസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ആറുവര്‍ഷംമുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോല്‍സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിന്റെ മോശം ജാതകം നിമിത്തം രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് അടുത്തിടെ ഒരു ജോല്‍സ്യന്‍ പ്രവചിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു. അതേച്ചൊല്ലി ഭാര്യ ഗായത്രിക്കും രാംകിക്കുമിടയില്‍ കലഹം പതിവായിരുന്നു.

ഫെബ്രുവരി 25ന് വീണ്ടും വഴക്കുണ്ടായപ്പോള്‍ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മന്നാര്‍ഗുഡി ജയിലിലടച്ചു. ഗായത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it