India

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; ഏഴുജില്ലകളിലായി രണ്ടുലക്ഷത്തോളം ദുരിതബാധിതര്‍

ധമാജി, ലഖിംപൂര്‍, ദാരംഗ്, നല്‍ബാരി, ഗോള്‍പാറ, ദിബ്രുഗഡ്, ടിന്‍സുകിയ എന്നിവിടങ്ങളിലെ 17 റവന്യൂ സര്‍ക്കിളുകളിലായി 229 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. മൊത്തം 1,94,916 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; ഏഴുജില്ലകളിലായി രണ്ടുലക്ഷത്തോളം ദുരിതബാധിതര്‍
X

ദിസ്പൂര്‍: അംപന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ അസമില്‍ രൂക്ഷമായ വെള്ളപ്പൊക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ തുടരുകയാണ്. ശക്തമായ പേമാരിയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങള്‍ക്ക് ശേഷം അസം വീണ്ടും വെള്ളപ്പൊക്ക കെടുതിയെ നേരിടേണ്ടിവന്നിരിക്കുന്നത്. കൊവിഡ് മഹാമാരിയില്‍ രാജ്യമെങ്ങും വിറങ്ങലിച്ചുനില്‍ക്കുന്നതിനിടയിലാണ് ജനങ്ങള്‍ക്ക് ദുരിതംവിതച്ച് പ്രളയവുമെത്തിയിരിക്കുന്നത്. അസമിലെ കാംരൂപ് ജില്ലയിലാണ് നിലവില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. വരുംമണിക്കൂറുകളില്‍ ജോര്‍ഹട്ട്, സോനിത്പൂര്‍ ജില്ലകളിലും വെള്ളപ്പൊക്കം ശക്തിപ്പെടുമെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.


അംപന്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതിനെത്തുടര്‍ന്ന് മെയ് 20 മുതല്‍ അസമിലും അയല്‍രാജ്യമായ മേഘാലയയലും കനത്ത മഴയാണ്. ചൊവ്വാഴ്ച സംസ്ഥാനത്തെ പലയിടത്തും തുടര്‍ച്ചയായി പെയ്യുന്ന മഴയുടെയുംകൂടി പശ്ചാത്തലത്തില്‍ അസമിലെ ഏഴ് ജില്ലകളിലായി രണ്ടുലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്ക്. ധമാജി, ലഖിംപൂര്‍, ദാരംഗ്, നല്‍ബാരി, ഗോള്‍പാറ, ദിബ്രുഗഡ്, ടിന്‍സുകിയ എന്നിവിടങ്ങളിലെ 17 റവന്യൂ സര്‍ക്കിളുകളിലായി 229 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. മൊത്തം 1,94,916 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.


9,000 ത്തോളം പേര്‍ ധമാജി, ലഖിംപൂര്‍, ഗോള്‍പാറ, ടിന്‍സുകിയ ജില്ലകളില്‍ സ്ഥാപിച്ച 35 ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ 1,007 ഹെക്ടര്‍ വിളകള്‍ നശിച്ചു. 16,500 ഓളം വളര്‍ത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ജിയ ഭരളി, ബ്രഹ്മപുത്ര എന്നീ നദികള്‍ അപകടകരമായ നിലയില്‍ കരകവിഞ്ഞ് ഒഴുകിയതോടെ സംസ്ഥാനത്തെ മിക്ക നദികളിലും ജലനിരപ്പ് ക്രമാതീതമായി. അരുണാചല്‍ പ്രദേശിലെ ദിബാങ് വാലി ജില്ലയിലെ അര്‍സൂ ഗ്രാമത്തില്‍ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തില്‍നിന്നുള്ള മൂന്നുപേര്‍ മരിച്ചു. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

വെള്ളപ്പൊക്കത്തില്‍നിന്നും മണ്ണിടിച്ചിലില്‍നിന്നും രക്ഷനേടാന്‍ ആളുകളെ സുരക്ഷിതപ്രദേശങ്ങളിലേക്ക് മാറ്റാന്‍ അദ്ദേഹം ജില്ലാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കുറഞ്ഞത് മൂന്നുദിവസമെങ്കിലും മഴ തുടരാനാണ് സാധ്യത. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ 1,105 മില്ലീമീറ്റര്‍ മഴയാണ് ചിറാപുഞ്ചിയില്‍ ലഭിച്ചത്. അടുത്ത കുറച്ചുദിവസത്തേക്ക് മഴയ്ക്ക് ശമനമുണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമാവും. എന്നാല്‍, മഴയുടെ തീവ്രത രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കുറയാനിടയുണ്ട്. മണിപ്പൂര്‍, മിസോറം, ത്രിപുര എന്നിവിടങ്ങളിലും കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Next Story

RELATED STORIES

Share it