India

'സ്‌കൂളോ കോളജോ നിര്‍മിച്ചിട്ടുണ്ടോയെന്ന് അച്ഛനോടോ അമ്മയോടോ ചോദിച്ചുനോക്കൂ'; തേജസ്വി യാദവിനെതിരേ ആഞ്ഞടിച്ച് നിതീഷ്‌കുമാര്‍

'മറ്റുചിലര്‍ക്കും ഇവിടെ ഭരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, അവര്‍ എന്താണ് ചെയ്തത് ? അവര്‍ ഭരിച്ചപ്പോള്‍ അന്യായമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി. ജയിലില്‍ പോയി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് ബിഹാറില്‍ സംഭവിച്ചിരുന്നത്.

സ്‌കൂളോ കോളജോ നിര്‍മിച്ചിട്ടുണ്ടോയെന്ന് അച്ഛനോടോ അമ്മയോടോ ചോദിച്ചുനോക്കൂ; തേജസ്വി യാദവിനെതിരേ ആഞ്ഞടിച്ച് നിതീഷ്‌കുമാര്‍
X

പട്‌ന: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിഹാറില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു. ആര്‍ജെഡി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ നേതാക്കളായ തേജസ്വി യാദവിനെതിരേയും ലാലു പ്രസാദ് യാദവിനെതിരേയും ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രംഗത്തെത്തി. ബെഗുസാരയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പേര് പരാമര്‍ശിക്കാതെ ഇരുവരെയും നിതീഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചത്. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍, മികച്ച ആരോഗ്യപ്രവര്‍ത്തനം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതായിരുന്നു ആര്‍ജെഡിയുടെ പ്രകടനപത്രിക.

അവസരം കിട്ടിയപ്പോള്‍ ഏതെങ്കിലും സ്‌കൂളുകളോ കോളജുകളോ ഉണ്ടാക്കിയോ എന്ന് അച്ഛനോടോ അമ്മയോടോ ചോദിക്കണമെന്നായിരുന്നു പേരുപറയാതെ തേജസ്വി യാദവിനുള്ള നിതീഷ് കുമാറിന്റെ മറുപടി. 'മറ്റുചിലര്‍ക്കും ഇവിടെ ഭരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, അവര്‍ എന്താണ് ചെയ്തത് ? ഒരു സ്‌കൂളോ കോളജോ നിര്‍മിച്ചോ? ഇന്ന് പഠിക്കണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും സ്‌കൂളോ, കോളജുകളോ നിര്‍മിച്ചിട്ടുണ്ടോയെന്ന് നിങ്ങളുടെ അച്ഛനോടോ അമ്മയോടെ ചോദിച്ചുനോക്കണം. അവര്‍ ഭരിച്ചപ്പോള്‍ അന്യായമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി. ജയിലില്‍ പോയി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് ബിഹാറില്‍ സംഭവിച്ചിരുന്നത്.

പക്ഷേ, ഇന്ന് തന്റെ സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്‌തോ ? ഇനി ആരെങ്കിലും നിയമം ലംഘിച്ചാല്‍ അവര്‍ നേരേ പോവുന്നത് ജയിലിലേക്കായിരിക്കും'- റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് പരിഹാസമായിരുന്നു നീതീഷിന്റെ മറുപടി. ഇത്രയും പേര്‍ക്ക് ശമ്പളം കൊടുക്കണമെങ്കില്‍ അവര്‍ നടത്തിയ അഴിമതിയില്‍നിന്നുള്ള പണം ഉപയോഗിക്കേണ്ടിവരുമെന്നായിരുന്നു നിതീഷ്‌കുമാറിന്റെ വാക്കുകള്‍. എന്നാല്‍, ഇതിനെതിരേ തേജ്വസി യാദവും പ്രതികരണവുമായി രംഗത്തെത്തി.

പരസ്യങ്ങളില്‍ മുഖത്തെ തിളക്കം കൂട്ടാന്‍ മാത്രം 500 കോടി ചെലവഴിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജോലി നല്‍കാന്‍ പണം എവിടെയെന്ന് ചോദിക്കുന്നതെന്നായിരുന്നു തേജ്വസി യാദവിന്റെ പ്രതികരണം. തന്റെ സര്‍ക്കാരിനെ വീണ്ടും അധികാരത്തിച്ചാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസാവുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയും ബിരുദപരീക്ഷ പാസാവുന്ന പെണ്‍കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് നിതീഷ് കുമാറും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് യഥാക്രമം 10,000, 25,000 രൂപ വീതം നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it