India

സൗജന്യ വൈദ്യുതി, കുടിശ്ശിക എഴുതിത്തള്ളല്‍; ഉത്തരാഖണ്ഡിലും വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

സൗജന്യ വൈദ്യുതി, കുടിശ്ശിക എഴുതിത്തള്ളല്‍; ഉത്തരാഖണ്ഡിലും വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുമായി പ്രചാരണത്തിന് തുടക്കം കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. എഎപി അധികാരത്തില്‍ വന്നാല്‍ 300 യൂനിറ്റ് സൗജന്യ വൈദ്യുതി, കുടിശിക എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. എഎപിയെ ജയിപ്പിച്ചാല്‍ സൗജന്യ വൈദ്യുതിയും പഴയ കുടിശ്ശിക ബില്ലുകള്‍ എഴുതിത്തള്ളലും അടക്കം ഉത്തരാഖണ്ഡിലെ ജനതയ്ക്കു നാലുവാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്.

ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും ഉത്തരാഖണ്ഡിലും കാലുറപ്പിക്കാനുള്ള എഎപിയുടെ പദ്ധതിക്ക് ആക്കം കൂട്ടാനായി ഡെറാഡൂണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു കെജ്‌രിവാളിന്റെ വാഗ്ദാനം. വെറുതെ പറയുകയല്ല. കള്ളം പറയുകയുമല്ല. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉത്തരാഖണ്ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. കര്‍ഷകര്‍ക്കു പൂര്‍ണമായും സൗജന്യമായി വൈദ്യുതി കിട്ടും. കുടിശ്ശികയുള്ള ബില്ലുകള്‍ എഴുതിത്തള്ളും. പവര്‍കട്ട് ഉണ്ടാവില്ലെന്നും 24 മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉത്പാദനമുണ്ടായിട്ടും ഉത്തരാഖണ്ഡില്‍ വൈദ്യുതി സൗജന്യമില്ല. ഉത്പാദനമില്ലാത്ത ഡല്‍ഹിയില്‍ വൈദ്യുതി സൗജന്യമാണ്. കഴിഞ്ഞ 70 വര്‍ഷത്തിനുശേഷം നിര്‍വഹിക്കാന്‍ കഴിയാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നല്ല സ്‌കൂളുകള്‍ നിര്‍മ്മിക്കുകയും ഉത്തരാഖണ്ഡിലെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പുറമെ വൈദ്യുതി, വെള്ളം, കൃഷി എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

2000 മുതല്‍ സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ ഇരു പാര്‍ട്ടികളും ഒരു സംവിധാനം ഏര്‍പ്പെടുത്തിയതായി കോണ്‍ഗ്രസിലെയും ഭരണകക്ഷിയായ ബിജെപിയെയും പരിഹസിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രിയെ 'ഉപയോഗശൂന്യന്‍' എന്ന് വിശേഷിപ്പിച്ച് ഭരണകക്ഷിക്ക് ഒരു മുഖ്യമന്ത്രി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it