India

ഒക്ടോബര്‍ 1 മുതല്‍ ആന്ധ്രപ്രദേശിലെ മുഴുവന്‍ മദ്യശാലകളും സര്‍ക്കാര്‍ ഏറ്റെടുക്കും

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആന്ധ്രപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡ്(എപിഎസ്ബിസിഎല്‍) അടുത്ത മാസം മുഴുവന്‍ മദ്യശാലകളും ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ നാരായണസ്വാമി പറഞ്ഞു.

ഒക്ടോബര്‍ 1 മുതല്‍ ആന്ധ്രപ്രദേശിലെ മുഴുവന്‍ മദ്യശാലകളും സര്‍ക്കാര്‍ ഏറ്റെടുക്കും
X

അമരാവതി: ആന്ധ്രപ്രദേശിലെ 3,500 മദ്യശാലകളും ഒക്ടോബര്‍ 1 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആന്ധ്രപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡ്(എപിഎസ്ബിസിഎല്‍) അടുത്ത മാസം മുഴുവന്‍ മദ്യശാലകളും ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ നാരായണസ്വാമി പറഞ്ഞു. സപ്തംബര്‍ 1 മുതല്‍ എപിഎസ്ബിസിഎല്‍ 475 മദ്യശാലകള്‍ ഏറ്റെടുത്തിരുന്നു.

മദ്യശാലകളുടെ എണ്ണം 4,380ല്‍ നിന്ന് 3,500 ആയി കുറയ്ക്കുമെന്ന് ഈ മാസം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ക്രമേണ മുഴുവന്‍ മദ്യശാലകളും പൂട്ടാനാണു പദ്ധതി. മുന്‍ സര്‍ക്കാര്‍ 43,000 അനധികൃത മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും വൈ എസ് ജഗമന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരമേറ്റതോടെ അവ പൂട്ടിയതായും നാരായണസ്വാമി പറഞ്ഞു. അംഗീകൃത മദ്യഷോപ്പുകളുടെ ലൈസന്‍സിന്റെ മറവിലാണ് അനധികൃത ഷോപ്പുകള്‍ തുറക്കുന്നത്.

അനധികൃത മദ്യശാലകള്‍ തുറന്നതിന്റെ പേരില്‍ 2,872 കേസുകല്‍ രജിസ്റ്റര്‍ ചെയ്തതായും 2,928 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. അനധികൃത വാറ്റ് നടത്തിയതിനെതിരേ 4,788 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2,834 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പദയാത്രയില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് ജഗന്‍ മോഹന്‍ വാഗ്ദാനം ചെയ്തിരുന്നു. ടിഡിപി സര്‍ക്കാര്‍ മദ്യത്തെ ഒരു പ്രധാനവരുമാന മാര്‍ഗമാക്കി മാറ്റുകയായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ആരോപിച്ചു. മദ്യത്തിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it