India

യുപിയിലെ വ്യാജമദ്യദുരന്തം: മുഖ്യപ്രതിയായ ബിജെപി നേതാവിനെ പുറത്താക്കി

യുപിയിലെ വ്യാജമദ്യദുരന്തം: മുഖ്യപ്രതിയായ ബിജെപി നേതാവിനെ പുറത്താക്കി
X

ലഖ്‌നോ: അലിഗഢില്‍ നൂറിലധികം പേര്‍ വ്യാജമദ്യം കഴിച്ച് മരിക്കാനിടയായ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയും ബിജെപി നേതാവുമായ ഋഷി ശര്‍മയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. ബിജെപി ജില്ലാ പ്രസിഡന്റ് ഋഷിപാല്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദേശ്വര്‍ അതിര്‍ത്തിയില്‍നിന്നാണ് ഋഷി ശര്‍മയെ പോലിസ് അറസ്റ്റുചെയ്തത്. അതേസമയം, ശര്‍മ ബിജെപിയിലെ സജീവ അംഗമല്ലെന്നും സംഘടനയില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.

എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയതായി ബിജെപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദുരന്തം നടന്നതിനുശേഷം കഴിഞ്ഞ പത്തുദിവസമായി ശര്‍മ ഒളിവില്‍ പോയിരുന്നു. ശര്‍മയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനതുകയായി പോലിസ് പ്രഖ്യാപിച്ചിരുന്നു. അയല്‍സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലേക്കും ശര്‍മയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

പോലിസിനെ വെട്ടിച്ച് ഇയാള്‍ ഒരു ആശ്രമത്തില്‍ വേഷം മാറിയാണ് താമസിച്ചിരുന്നത്. ആറ് പോലിസ് സംഘങ്ങളാണ് ഋഷി ശര്‍മയ്ക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നതെന്ന് അലിഗഢ് പോലിസ് സൂപ്രണ്ട് കലാനിധി നെയ്താനി അറിയിച്ചു. നേരത്തെ ഋഷി ശര്‍മയുടെ ഭാര്യയും മകനും കേസില്‍ അറസ്റ്റിലായിരുന്നു. ശര്‍മയെ കൂടാതെ വിപിന്‍ യാദവ്, അനില്‍ ചൗധരി, നീരജ് ചൗധരി എന്നീ കൂട്ടുപ്രതികളെയും പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 61 പേരെ കേസില്‍ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതികളുടെ അഞ്ചുകോടി വിലവരുന്ന സാമഗ്രികള്‍ പോലിസ് പൂര്‍ണമായും നശിപ്പിച്ചു. പ്രതികളുടെ പേരിലുള്ള കൂടുതല്‍ വസ്തുവകകള്‍ അന്വേഷിച്ചുവരികയാണെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അലിഗഢിലും പ്രാന്തപ്രദേശത്തുമുള്ളവരാണ് വ്യാജമദ്യദുരന്തത്തില്‍ ഇരകളായത്.

Next Story

RELATED STORIES

Share it