India

കാര്‍ഷികബില്ലുകള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാവുന്നു; ഇന്ന് കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ്

ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും. പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നലെ മുതല്‍ ട്രെയിന്‍ തടയല്‍ സമയം തുടരുകയാണ്.

കാര്‍ഷികബില്ലുകള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാവുന്നു; ഇന്ന് കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ്
X

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സംയുക്ത കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയപ്രക്ഷോഭം നടത്തുകയാണ്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും.

പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നലെ മുതല്‍ ട്രെയിന്‍ തടയല്‍ സമയം തുടരുകയാണ്. ഈ മാസം 24,25,26 തിയ്യതികളില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നാണ് കിസാന്‍ മസൂദ് സംഘര്‍ഷ് സമിതി പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയപ്രക്ഷോഭത്തിന് ഇന്നലെയാണ് തുടക്കമായത്. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി കോണ്‍ഗ്രസ് ആചരിക്കും. കാര്‍ഷിക ബില്ലുകളെ എതിര്‍ത്ത് കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് പിന്തുണയുമായി കര്‍ണാടകത്തിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ദിവസങ്ങളായി ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. രാവിലെ 11 മണിയോടെ മൈസൂരു സര്‍ക്കിളിലേക്ക് പ്രതിഷേധ റാലിയായി സമരക്കാരെത്തും. സംസ്ഥാന ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതിനെയും കര്‍ഷകര്‍ എതിര്‍ക്കുന്നു.

സപ്തംബര്‍ 28ന് കര്‍ണാടകത്തില്‍ ബന്ദ് നടത്തുമെന്നും കര്‍ണാടക ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ട്രേയ്ഡ് യൂനിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂനിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it