India

ലാത്തിയും, കമ്പിവടിയും, ചുറ്റികയും, കല്ലും; ജെഎന്‍യു വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമര്‍ദനം (വീഡിയോ)

ഇന്ത്യാ ടുഡേ റിപോര്‍ട്ടര്‍ തനുശ്രീ പാണ്ഡേയെ മര്‍ദിച്ച അക്രമികള്‍ 'ഭാരത് മാതാ കീ ജയ' എന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് കൈയേറ്റം ചെയ്തു. അക്രമങ്ങളെക്കുറിച്ച് പറയാനായി പ്രധാനഗേറ്റിന് അകത്തേക്കെത്തിയ അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കാതെ കൈയേറ്റം ചെയ്തു.

ലാത്തിയും, കമ്പിവടിയും, ചുറ്റികയും, കല്ലും; ജെഎന്‍യു വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമര്‍ദനം (വീഡിയോ)
X

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമായ മര്‍ദനങ്ങളെന്ന് റിപോര്‍ട്ട്. ലാത്തിയും കമ്പിവടിയും ചുറ്റികയും കല്ലും ഉള്‍പ്പടെ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ നേരിട്ടത്. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ആക്രമമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചുവെന്നാണ് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കല്ലുകള്‍ എറിഞ്ഞ ശേഷം സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. പൈപ്പുകളിലൂടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖംമറച്ചാണ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ഥി യൂനിയന്‍ ട്വിറ്ററില്‍ വിശദമാക്കുന്നു.


ആക്രമിസംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും യൂനിയന്‍ പുറത്തുവിട്ടിട്ടുണ്ട്. അക്രമം തടയാനെത്തിയ അധ്യാപകര്‍ക്കെതിരേയും ആക്രമണമുണ്ടായി. 'ജെഎന്‍യുവിലേക്ക് വരൂ, പ്രധാനഗേറ്റ് എബിവിപിക്കാരും ബജ്‌റംഗ്ദളുകാരും വളഞ്ഞിരിക്കുകയാണ്. ദേശത്തിന്റെ ദ്രോഹികളെ, വെടിവച്ചുകൊല്ലൂ എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങിക്കേള്‍ക്കുന്നത്. ഇവര്‍ക്ക് സഹായവുമായാണ് പോലിസ് നില്‍ക്കുന്നത്. ഗുണ്ടകളെ പോലിസ് സഹായിക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം പോലിസ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ ദൂരം റോഡില്‍ ഒരു വെളിച്ചവുമില്ല. ഇവിടേക്ക് വന്ന ആംബുലന്‍സുകള്‍ തല്ലിത്തകര്‍ത്തു. ഇതെല്ലാം പോലിസ് നോക്കിനില്‍ക്കുകയാണ്'- ബോളിവുഡ് താരവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയുമായ സ്വരാ ഭാസ്‌കര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.


ഇന്ത്യാ ടുഡേ മാധ്യമസംഘത്തെ ഗേറ്റിന് പുറത്തുള്ള അക്രമിസംഘം മര്‍ദിക്കുകയായിരുന്നു. കൈയിലുള്ള ഫോണടക്കം വാങ്ങി നിലത്തെറിഞ്ഞു. ആജ് തകിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് മിശ്രയെയും കാമറാമാനെയും ക്രൂരമായി മര്‍ദിച്ചു. തെഹ്‌സീന്‍ പൂനാവാലയെ ആക്രമിച്ചു. ഇന്ത്യാ ടുഡേ റിപോര്‍ട്ടര്‍ തനുശ്രീ പാണ്ഡേയെ മര്‍ദിച്ച അക്രമികള്‍ 'ഭാരത് മാതാ കീ ജയ' എന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് കൈയേറ്റം ചെയ്തു.


അക്രമങ്ങളെക്കുറിച്ച് പറയാനായി പ്രധാനഗേറ്റിന് അകത്തേക്കെത്തിയ അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കാതെ കൈയേറ്റം ചെയ്തു. വിദ്യാര്‍ഥികളെ കാണാനെത്തിയ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെ ഗേറ്റിനടുത്തുവച്ച് അക്രമികള്‍ തടഞ്ഞു. കൈയേറ്റം ചെയ്യുന്നത് കണ്ടിട്ടും പോലിസ് നിഷ്‌ക്രിയരായിരുന്നുവെന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇപ്പോഴും ഹോസ്റ്റലിനകത്ത് മുഖംമൂടി ധരിച്ച ആളുകളുണ്ടെന്നും അമ്പതോളും ഗുണ്ടകളുണ്ടെന്നും പോലിസും ഇവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ഥികള്‍ അയച്ച സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. തലയോട്ടി തകര്‍ക്കാന്‍ പ്രാപ്തമായ വലിപ്പമുള്ള കല്ലുകളാണ് അവര്‍ എറിയുന്നതെന്ന് ജെഎന്‍യു പ്രഫസര്‍ അതുല്‍ സൂദ് പറയുന്നു. അമ്പതിലേറെ മുഖംമൂടി ധാരികളാണ് ജെഎന്‍യു കാംപസില്‍ ഇന്ന് വൈകീട്ട് അതിക്രമിച്ച് കയറിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുഖംമൂടി ധാരികളുടെ അക്രമണത്തില്‍ പരിക്കേറ്റു. ചെറിയ കല്ലുകളല്ല എറിയുന്നത്. തലയോട്ടി തകര്‍ക്കാന്‍ തക്ക ശക്തമായവ ആണ്. പുറത്തുവന്നപ്പോള്‍ കല്ലേറില്‍ താന്‍ താഴെ വീണുപോയി. തന്റെ കാര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അവര്‍ തകര്‍ക്കുന്നതിന് സാക്ഷിയാണെന്നും പ്രഫസര്‍ അതുല്‍ സൂദ് എന്‍ഡിടിവിയോട് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 18 വിദ്യാര്‍ഥികളാണ് എയിംസ് ആശുപത്രിയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it