India

ഹനുമാന്‍ സേവ തുടരാന്‍ ആം ആദ്മി പാര്‍ട്ടി

ഹനുമാന്‍ സേവ തുടരാന്‍ ആം ആദ്മി പാര്‍ട്ടി
X

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഹനുമാന്‍ ഭക്തിയില്‍ മുഴുകുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാത പിന്‍തുടര്‍ന്ന് ആം ആദ്മിയിലെ മറ്റൊരു നേതാവും മുന്‍ മന്ത്രിയുമായ സൗരവ് ഭരജദ്വാജ് തന്റെ ഹനുമാന്‍ ഭക്തി പരസ്യമായി പ്രകടിപ്പിക്കാനള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ഹനുമാന്‍ പ്രകീര്‍ത്തനം സംഘടിപ്പിക്കാനാണ് തീരുമാനം.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ടി.വി പരിപാടിയില്‍ അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലി ഭക്തി പ്രകടിപ്പിച്ചിരുന്നു. താന്‍ കടുത്ത ഹനുമാന്‍ ഭക്തനാണെന്നും പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുന്‍പ് കൊണാട്ട് പ്ലേസിനടുത്തുള്ള പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായപ്പോള്‍ ഹനുമാന്‍ സ്വാമിക്ക് നന്ദി പറയുന്നുവെന്നാണ് കെജ്രിവാള്‍ പ്രതികരിച്ചത്.

എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച തന്റെ മണ്ഡലമായ ഗ്രേറ്റര്‍ കൈലാസിലെ വിവിധ സ്ഥലങ്ങളില്‍ രാമായണത്തിലെ അഞ്ചാം കാണ്ഡമായ സുന്ദരകാണ്ഡത്തിന്റെ പാരായണ പരിപാടി സംഘടിപ്പിക്കുമെന്നാണ് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് അറിയിച്ചത്. ക്ഷേത്രങ്ങളില്‍ വൈകുന്നേരം 4.30നായിരിക്കും പാരായണം. ചിരാഗ് ദില്ലിയിലെ ശിവക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ട്വീറ്റ് എ.എ.പിയുടെ മുന്‍ മന്ത്രി കൂടിയായ അദ്ദേഹം പുറത്തു വിട്ടു. സീതാ ദേവിയെ കണ്ടെത്താനായി ലങ്കയിലേക്ക് പുറപ്പെട്ട ഹനുമാന്റെ സാഹസിക യാത്രയാണ് വാല്‍മീകി സുന്ദരകാണ്ഡത്തില്‍ വിവരിച്ചിരിക്കുന്നത്. സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ദിവസമാണ് പാരായണം ചെയ്യുന്നതെങ്കില്‍ ഫലം ഇരട്ടിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.




Next Story

RELATED STORIES

Share it