India

ബാബരി കേസില്‍ ആഗസ്ത് രണ്ടുമുതല്‍ വാദം കേള്‍ക്കും; മധ്യസ്ഥസമിതി റിപോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സുപ്രിംകോടതി

ജസ്റ്റിസ് എഫ് എം ഖലിഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാബരി കേസില്‍ ആഗസ്ത് രണ്ടുമുതല്‍ വാദം കേള്‍ക്കും; മധ്യസ്ഥസമിതി റിപോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഈമാസം 31 നകം മധ്യസ്ഥശ്രമങ്ങള്‍ വിജയം കണ്ടില്ലെങ്കില്‍ ആഗസ്ത് രണ്ടുമുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് എഫ് എം ഖലിഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക.

ആഗസ്ത് രണ്ടിന് വാദം കേള്‍ക്കാന്‍ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥശ്രമങ്ങളുടെ തല്‍സ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31ന് അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സമിതിയുടെ ഇടക്കാല റിപോര്‍ടിന്റെ ഉള്ളടക്കം ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മധ്യസ്ഥസംഘത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ ഫലപ്രദമല്ലെന്നും കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്നുമാവശ്യപ്പെട്ട് അന്യായക്കാരന്‍ ഗോപാല്‍ സിങഗ് ഈമാസം ഒമ്പതിന് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ആഗസ്ത് 15ന് സമിതി അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വാദം കേള്‍ക്കലെന്നാണ് കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അന്യായക്കാരന്റെ ഹരജിയെ തുടര്‍ന്ന് മധ്യസ്ഥസമിതിയോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബാബരി കേസില്‍ മധ്യസ്ഥതയ്ക്കായി മുന്‍ സുപ്രിംകോടതി ജഡ്ജ് എഫ് എം ഖലിഫുല്ല, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്.

Next Story

RELATED STORIES

Share it