India

കൊവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്

ഏപ്രില്‍ 18ന് ചൈനയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുമായി പോയ ബോയിങ് 787 കാര്‍ഗോ വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ രണ്ടാംഘട്ട പരിശോധനാഫലം ലഭിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്
X

മുംബൈ: കൊവിഡ്- 19 സ്ഥിരീകരിച്ച എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. എയര്‍ലൈന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 18ന് ചൈനയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുമായി പോയ ബോയിങ് 787 കാര്‍ഗോ വിമാനത്തിന്റെ പൈലറ്റുമാരാണ് ഇവര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ രണ്ടാംഘട്ട പരിശോധനാഫലം ലഭിച്ചത്. പൈലറ്റുമാര്‍ക്ക് പുറമേ, ഒരു ടെക്നീഷ്യനും മറ്റൊരു ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അവര്‍ രണ്ടുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്.

ശനിയാഴ്ച 77 പൈലറ്റുമാര്‍ക്ക് കൊവിഡ് 19 പരിശോധന നടത്തിയിരുന്നു. അതിലാണ് അഞ്ചുപൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഏപ്രില്‍ 20നാണ് രോഗബാധിതരാവുന്നതിന് മുമ്പ് ഇവര്‍ വിമാനം പറത്തിയിരുന്നത്. അഞ്ചുപൈലറ്റുമാരുടെയും ആദ്യപരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇവരെ വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, രണ്ടാമത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ചുപേരുടെയും ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വ്യത്യാസം പരിശോധനാഫലത്തില്‍ സംഭവിച്ചത് എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പൈലറ്റുമാര്‍ക്ക് ആദ്യപരിശോധന നടത്തിയ ടെസ്റ്റ്കിറ്റുകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ശനിയാഴ്ച വ്യോമയാന മന്ത്രാലയവും കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വിമാനസര്‍വീസുകള്‍ നടത്തുന്ന ദേശീയ വിമാനക്കമ്പനി കൊവിഡ് വൈറസ് പരിശോധന നടത്താന്‍ പൈലറ്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റുമാര്‍ ഡ്യൂട്ടി ആരംഭിക്കുന്നതിനുമുമ്പും വിമാനം വന്നിറിങ്ങിയതിനുശേഷവും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. പൈലറ്റുമാരും വിമാനത്തിലെ മറ്റ് ജീവനക്കാരും ഹോട്ടലുകളിലേക്കാണ് ഡ്യൂട്ടി കഴിഞ്ഞാല്‍ മടങ്ങുക.

Next Story

RELATED STORIES

Share it