India

ഹുബ്ബള്ളിയില്‍ 13-കാരി കൂട്ടബലാല്‍സംഗത്തിനിരയായി; മൂന്ന് പേര്‍ പിടിയില്‍

ഹുബ്ബള്ളിയില്‍ 13-കാരി കൂട്ടബലാല്‍സംഗത്തിനിരയായി; മൂന്ന് പേര്‍ പിടിയില്‍
X

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ 13 വയസ്സുകാരിയെ മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതികള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നും, സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ആണ്‍കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തതായും ഹുബള്ളി-ധാര്‍വാഡ് പോലിസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.

പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച്, കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയ തക്കത്തിന് പ്രതികള്‍ കുട്ടിയെ വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തില്‍ പങ്കെടുത്തവരും പെണ്‍കുട്ടി താമസിക്കുന്ന അതേ പ്രദേശത്തുതന്നെ ഉള്ളവരാണ്. 14-നും 15-നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍.

കസ്റ്റഡിയിലെടുത്ത മൂന്ന് ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൂന്നാമത്തെയാള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണെന്നാണ് പ്രാഥമിക വിവരം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍, അത് പുറത്തുവിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യവും വിശദവുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഹുബള്ളി-ധാര്‍വാഡ് പോലിസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ ഉറപ്പ് നല്‍കി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമായ പോക്‌സോ (POCSO) വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






Next Story

RELATED STORIES

Share it