India

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,929 പേര്‍ക്ക്, 311 മരണം

തുടര്‍ച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതര്‍ 1.04 ലക്ഷമായി, 3,830 പേരാണ് സംസ്ഥാനത്ത് മാത്രമായി മരിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,929 പേര്‍ക്ക്, 311 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക പ്രതിദിനം 'പതിനായിരം' കടന്ന് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.2 ലക്ഷം കടന്ന് 3,20,922 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 11,000 കടക്കുന്നത്. 24 മണിക്കുറിനിടെ 311 മരണവും രാജ്യത്ത് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,195 ആയി. ഏറ്റവും കൂടുതല്‍ രോഗബാധിതരുളള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാംസ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്.

രാജ്യത്തെ രോഗബാധിതരില്‍ 1.62 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 1.49 ലക്ഷം പേര്‍ മാത്രമാണ് ചികില്‍സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,427 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതര്‍ 1.04 ലക്ഷമായി, 3,830 പേരാണ് ഈ സംസ്ഥാനത്ത് മാത്രമായി മരിച്ചത്. തമിഴ്‌നാട്ടിലും കൊവിഡ് രോഗബാധ രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 30 പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചു.

1,989 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 42,687 ആയി. ഇതില്‍ ചെന്നൈയില്‍ മാത്രം 30,000 ലേറെ കൊവിഡ് ബാധിതരാണുളളത്. ഡല്‍ഹിയില്‍ ഇന്നലെ 2,134 പേര്‍ക്ക് രോഗം കണ്ടെത്തുകയും 57 പേര്‍ മരിക്കുകയും ചെയ്തു. 38,958 പേര്‍ക്കാണ് ഇതുവരെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ഇന്നലെ മാത്രം 33 പേര്‍ കൊവിഡ് മൂലം മരിച്ചു. ആകെ രോഗികള്‍ 23,079. ഉത്തര്‍പ്രദേശില്‍ 13,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,858 പേര്‍ മാത്രമാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. കേരളത്തില്‍ ഇന്നലെ 85 പേര്‍ക്ക് കൂടി രോഗമുണ്ടെന്ന് കണ്ടെത്തിയതോടെ ചികില്‍സയിലുളളവരുടെ എണ്ണം 1,342 ആയി.

Next Story

RELATED STORIES

Share it