Districts

അവിശ്വാസ പ്രമേയം പാസായി; കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി

എല്‍ഡിഎഫിന്റെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫിന്റെ പതിനൊന്ന് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

അവിശ്വാസ പ്രമേയം പാസായി; കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി
X

കാളികാവ്: പഞ്ചായത്ത് പ്രസിഡന്റിനെതി യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. എല്‍ഡിഎഫിന്റെ പ്രസിഡന്റ് എന്‍ സൈദാലി പുറത്തായി. അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാന്‍ ഒരു മണിക്കൂര്‍ മുമ്പ് ദൂതന്‍ വഴി കൊടുത്തു വിട്ട പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈതാലിയുടെ രാജിക്കത്ത് അംഗീകരിച്ചില്ല.

തുടര്‍ന്നു നടപടി ക്രമങ്ങളിലേക്ക് നീങ്ങി. എല്‍ഡിഎഫിന്റെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫിന്റെ പതിനൊന്ന് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

സിപിഎമ്മിന് 8 ഉം കോണ്‍ഗ്രസിന് 6 ഉം ലീഗിന് 5 ഉം സീറ്റുകളാണ് കാളികാവ് ഗ്രാമ പഞ്ചായത്തിലെ കക്ഷി നില. സിപിഎമ്മും മുസ്‌ലിം ലീഗും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഈ ഭരണ സമിതിയുടെ ആദ്യ ടേമില്‍ ഒമ്പത് മാസം സിപിഎം അംഗം എന്‍ സൈതാലി പ്രസിഡന്റായി. പിന്നീട് ലീഗും കോണ്‍ഗ്രസും തര്‍ക്കം തീര്‍ന്ന് യോജിപ്പിലെത്തി. ആദ്യ ടേമില്‍ ലീഗിന് ഒരു വര്‍ഷവും പിന്നീട് കോണ്‍ഗ്രസിന് 26 മാസവും അവസാനത്തെ ഒരു വര്‍ഷം വീണ്ടും ലീഗിന് തന്നെ പ്രസിഡന്റ് പദവി നല്‍കാനുമായിരുന്നു ധാരണ. ഇത് പ്രകാരം ലീഗ് അംഗം വി പി എ നാസര്‍ ഈ ഭരണ സമിതിയുടെ രണ്ടാമത്തെ പ്രസിഡന്റായി. ഒരു വര്‍ഷത്തിന് ശേഷം ഇദ്ദേഹം രാജി വെക്കുകയും കോണ്‍ഗ്രസ് അംഗം കെ നജീബ് ബാബു പ്രസിഡന്റാവുകയും ചെയ്തു.

യുഡിഎഫ് ധാരണ പ്രകാരം 2019 ഒക്ടോബറില്‍ ലീഗ് അംഗം വിപിഎ നാസറിന് വീണ്ടും പ്രസിഡന്റാകുന്നതിന് വേണ്ടി കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് കെ നജീബ് ബാബു രാജി വെച്ചിരുന്നു. എന്നാല്‍ നജീബ് ബാബു അടക്കം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി സിപിഎമ്മിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെ വീണ്ടും സിപിഎം അംഗം എന്‍ സൈതാലി പ്രസിഡന്റായി. കൂറു മാറിയവര്‍ വീണ്ടും യുഡിഎഫിനോടൊപ്പം ചേര്‍ന്നതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. സിപിഎം അംഗങ്ങള്‍ ആരും അവിശ്വാസ പ്രമേയ യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫിലെ പതിനൊന്ന് അംഗങ്ങളും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലപാട് എടുത്തതോടെ ഏകപക്ഷീയമായി പ്രമേയം പാസായി. നേരിട്ട് ഹാജരാകുകയോ ഗസറ്റഡ് ഓഫിസര്‍ അറ്റസ്റ്റ് ചെയ്ത് റജിസ്‌ട്രേഡ് തപാലില്‍ അയച്ചതോ അല്ലാത്ത രാജിക്കത്ത് സ്വീകരിക്കാന്‍ പറ്റാത്തതിനാലാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തതെന്ന് ബോര്‍ഡ് യോഗത്തിന്റെ ചുമതലയുള്ള കാളികാവ് ബിഡിഒ പി കേശവദാസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ പി ജ്യോതീന്ദ്രകുമാര്‍, കരുവാരകുണ്ട് ഐപി സജിത്ത്, വണ്ടൂര്‍ ഐപി സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തിന്റെ കാവാലിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അംഗങ്ങളെ സ്വീകരിച്ചു.

Next Story

RELATED STORIES

Share it