Districts

കൊവിഡ്: പ്രതിദിന നിരക്കില്‍ പിന്നോട്ടില്ലാതെ മലപ്പുറം ജില്ല

ഇന്ന് രോഗബാധിതരായവരില്‍ 2,529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.

കൊവിഡ്: പ്രതിദിന നിരക്കില്‍ പിന്നോട്ടില്ലാതെ മലപ്പുറം ജില്ല
X

മലപ്പുറം: തുടര്‍ച്ചയായി രണ്ടാം ദിനവും 2,500 ന് മുകളില്‍ പ്രതിദിന കൊവിഡ് രോഗികളുമായി മലപ്പുറം ജില്ല. വെള്ളിയാഴ്ച ജില്ലയില്‍ 2,671 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ഇന്ന് രോഗബാധിതരായവരില്‍ 2,529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 643 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

രണ്ട് ദിവസങ്ങളിലായി മാത്രം 5,447 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്നത് ആശങ്കാജനകമാണ്. ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതോടൊപ്പം പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ ഒരു കാരണവശാലും പൊതു ഇടങ്ങളില്‍ പോകരുതെന്നും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

രോഗികള്‍ വര്‍ധിക്കുന്നതിനിടയിലും ഇന്ന് 529 പേര്‍ക്കാണ് ജില്ലയില്‍ രോഗമുക്തിയുണ്ടായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുട എണ്ണം 1,26,727 ആയി. ജില്ലയില്‍ നിലവില്‍ 33,796 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17,361 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 383 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 228 പേരും 170 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

വാക്‌സിനേഷന്‍ നടപടികളും ഇതോടൊപ്പം ജില്ലയില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇതുവരെ 5,00592 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 4,44,672 പേര്‍ക്ക് ഒന്നാം ഡോസും 55,920 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ഇതില്‍ 38,089 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നാം ഡോസും 23,227 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

Next Story

RELATED STORIES

Share it