Districts

കെപിസിസിക്കൊപ്പം നിന്ന കൗൺസിലറോട് ഡിസിസി പക വീട്ടി

തൊലിപ്പുറത്തെ യുഡിഎഫ് ഐക്യത്തിനപ്പുറം ഉരച്ച് നോക്കിയാൽ ലീഗ് വിരോധം തന്നെയാണ് മലപ്പുറത്ത് ഇപ്പോഴും കോൺഗ്രസിനെ നയിക്കുന്നത്

കെപിസിസിക്കൊപ്പം നിന്ന കൗൺസിലറോട് ഡിസിസി പക വീട്ടി
X

കെപിഒ റഹ്മത്തുല്ല

മലപ്പുറം: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 24 ത്രിതല സ്ഥാപനങ്ങളിൽ സിപിഎം - കോൺഗ്രസ് സഖ്യം നിലനിന്നിരുന്നു. സാമ്പാർ മുന്നണി എന്ന പേരിലായിരുന്നു ഇതറിയപ്പെട്ടത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ സാമ്പാർ മുന്നണിയുടെ പ്രതിനിധിയായി കോൺഗ്രസിലെ നാടിക്കുട്ടി ചെയർമാനായി. നാൽപതംഗ കൗൺസിലിൽ പത്ത് കൗൺസിലർമാർ കോൺഗ്രസിനുണ്ടായിരുന്നു.

ഒരു വർഷത്തിനു ശേഷം സിപിഎം ബന്ധമൊഴിയാനുള്ള കെപിസിസിയുടെ ഉഗ്രശാസന കോൺഗ്രസിലെ ഒമ്പത് കൗൺസിലർമാർ തള്ളിക്കളഞ്ഞു. കാരിമുക്ക് ഡിവിഷണിലെ കെകെ അസ്മാബി കെപിസിസി നിർദ്ദേശം മാനിച്ചു സിപിഎം ബന്ധമൊഴിഞ്ഞു. ഒമ്പത് നഗരസഭാംഗങ്ങളെ സസ്‌പെൻ്റ് ചെയ്ത അന്നത്തെ കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ പാർട്ടിക്കൊപ്പം നിന്ന കെകെ അസ്മാബിയെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

2020 തദ്ദേശ തിരഞ്ഞെടുപ്പിൽ കെകെ അസ്മാബിയെയും സഹപ്രവർത്തകരെയും കരിങ്കാലികൾ എന്ന മുദ്ര ചാർത്തി മലപ്പുറം ഡിസിസി കൈയ്യൊഴിഞ്ഞു. അസ്മാബിക്കും സംഘത്തിനും ഭൂരിപക്ഷ പിന്തുണ രേഖപ്പെടുത്തിയ കാരിമുക്ക്, പൊയിലിക്കാവ് ഡിവിഷൻ കമ്മറ്റികളുടെ തീരുമാനവും, എംഎം ഹസ്സൻ്റെ ശക്തമായ ഇടപെടലും തള്ളിക്കളഞ്ഞാണ് സാമ്പാർ മുന്നണിയെ കൈവിട്ട് യുഡിഎഫിനൊപ്പം നിന്ന മെമ്പറെയും പ്രവർത്തകരെയും വിവി പ്രകാശ് തള്ളിക്കളഞ്ഞത്. തൊലിപ്പുറത്തെ യുഡിഎഫ് ഐക്യത്തിനപ്പുറം ഉരച്ച് നോക്കിയാൽ ലീഗ് വിരോധം തന്നെയാണ് മലപ്പുറത്ത് ഇപ്പോഴും കോൺഗ്രസിനെ നയിക്കുന്നത്.

Next Story

RELATED STORIES

Share it