Districts

മഴ തുടരുന്നു; 450 പേര്‍ ദുരിതാശ്വാസ കാംപുകളില്‍

135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ കാംപുകളിലേക്ക് മാറിയത്.

മഴ തുടരുന്നു; 450 പേര്‍ ദുരിതാശ്വാസ കാംപുകളില്‍
X

കോഴിക്കോട്: മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തനം തുടങ്ങി. 135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ കാംപുകളിലേക്ക് മാറിയത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.

കോഴിക്കോട് താലൂക്കില്‍ 13 കാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 134 പേരാണ് കാംപുകളിലുള്ളത്. മാവൂര്‍ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മാവൂര്‍ ജിഎച്ച്എസ്എസില്‍ കാംപ് തുറന്നു. രണ്ട് കുടുംബത്തെയാണ് ഇവിടെക്ക് മാറ്റിയത്. തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്ററിലുള്ള കാംപിലേക്ക് മൂന്ന് കുടുംബത്തെയും ജിഎംയുപി സ്‌കൂളില്‍ മൂന്ന് കുടുംബത്തെയും കച്ചേരിക്കുന്ന് അംഗന്‍വാടിയില്‍ ഒരു കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള രണ്ട് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്.

പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തുര്‍ എഎല്‍പി സ്‌കൂളില്‍ രണ്ട് കുടുംബം, ചെറുകുളത്തുര്‍ വെസ്റ്റ് അംഗന്‍വാടിയില്‍ ഒരു കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. ചെറുവണ്ണൂര്‍ വില്ലേജില്‍ ലിറ്റില്‍ ഫ്ളവര്‍ എയുപി സ്‌കൂളില്‍ ഏഴ് കുടുംബങ്ങളെയും, കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തെയും, കുമാരനല്ലൂര്‍ വില്ലേജില്‍ ആസാദ് യു പി സ്‌കൂളില്‍ ഏഴ് കുടുംബങ്ങളെയും മൂട്ടോളി അംഗന്‍വാടിയില്‍ ഒരു കുടുംബത്തെയും ക്യാമ്പുകളിലേക്ക് മാറ്റി. കക്കാട് വില്ലേജില്‍ ചോനാട് അംഗന്‍വാടിയില്‍ മൂന്ന് കുടുംബത്തെ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ പൈങ്ങോട്ടുപുറം തിരുത്തുമ്മല്‍ അംഗനവാടിയില്‍ മൂന്ന് കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. ഒളവണ്ണ വില്ലേജില്‍ കൊടിനാട്ടുമുക്ക് ജിഎല്‍പിഎസില്‍ ഒരു കുടുംബവും മാറി താമസിക്കുന്നുണ്ട്. വെള്ളപ്പൊക്കം ബാധിച്ച മറ്റു വില്ലേജുകള്‍ താഴക്കോട്, നീലേശ്വരം, കൊടിയത്തൂര്‍, ചാത്തമംഗലം, പൂളക്കോട്, പെരുമണ്ണ, പന്തീരാങ്കാവ്, വേങ്ങേരി. മൊത്തം 1,646 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

താമരശേരി താലൂക്കിലെ മൂന്ന് വില്ലേജുകളിലായി മൂന്ന് ദുരിതാശ്വാസ കാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 50 കുടുംബങ്ങളിലെ 141 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവമ്പാടി വില്ലേജിലെ മുത്തപ്പന്‍പ്പുഴ ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങളിലെ 18 പേരാണ് മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍ എഎല്‍പി സ്‌കൂളിലെ കാംപിലുള്ളത്. കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേര്‍ ചെമ്പുകടവ് ജിയുപി സ്‌കൂള്‍ കാംപിലും കട്ടിപ്പാറ വില്ലേജിലെ 14 കുടുംബങ്ങളിലെ 41 പേര്‍ ചമല്‍ ജിഎല്‍പി സ്‌കൂളിലെ കാംപിലുമാണുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് ചമലില്‍ കാംപ് ആരംഭിച്ചത്.

കൊയിലാണ്ടി താലൂക്ക് രണ്ട് കാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 60 പേരാണ് രണ്ട് കാംപുകളിലായി ഉള്ളത്. ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച കാംപില്‍ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി പാരിഷ്ഹാളില്‍ ആരംഭിച്ച കാംപില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 54 പേരാണ് ഉള്ളത്. ഇതുവരെ മഴയെത്തുടര്‍ന്ന് കൊയിലാണ്ടി താലൂക്കിലെ 12 വില്ലേജുകളിലായി 88 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ കാംപുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു.

വടകര താലൂക്കിലെ ഒഞ്ചിയം അംഗനവാടി, തിനൂര്‍ സെന്റ് ജോര്‍ജ് എച്ച് എസ്, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്.എസ് എന്നിവിടങ്ങളിലാണ് കാംപ് തുടങ്ങിയിരിക്കുന്നത്. 38 കുടുബങ്ങളിലെ 115 പേരാണ് കാംപുകളിലുള്ളത്. വടകര താലൂക്കില്‍ 11 വില്ലേജുകളിലെ 57 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ ശക്തമായ മഴ കാരണം വാണിമേല്‍ പുഴയുടെ സമീപത്ത് ത്താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ പ്രളയകാലത്തും നാശനഷ്ടങ്ങളുണ്ടായ അടുപ്പില്‍ കോളനിയിലുള്ളവരെ കൊവിഡ് പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കം കാരണം ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലും അയല്‍പക്കങ്ങളിലും ആണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, ഒൻപത്, പത്ത്, പതിനൊന്ന് എന്നീ വാര്‍ഡുകളിലാണ് രൂക്ഷമായ രീതിയില്‍ വെള്ളം കയറിയത്. കൂടാതെ കടല്‍ തീരങ്ങളിലും ഒന്നാം വാര്‍ഡ് മരുന്നറക്കല്‍ പ്രദേശത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

കാംപുകള്‍ തുടങ്ങാന്‍ ആവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി പ്രശ്‌നങ്ങളുള്ള വാർഡുകളിലെ വാര്‍ഡ് മെമ്പര്‍മാരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുവാനും മാറി താമസിച്ചവരുടെ വിശദമായ പട്ടിക വാര്‍ഡു തലത്തില്‍ ശേഖരിക്കുവാനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യത്തില്‍ നാല് ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Next Story

RELATED STORIES

Share it