Districts

10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 3 പേർ പിടിയിൽ

കഴിഞ്ഞയാഴ്ച കോയമ്പത്തൂർ സ്വദേശിയായ ഹോട്ടൽ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു.

10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 3 പേർ പിടിയിൽ
X

കൊണ്ടോട്ടി: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്തു വന്ന 3 അംഗ സംഘത്തെ വിതരണത്തിനായി കൊണ്ടുവന്ന കള്ളനോട്ടുകളുമായി പിടികൂടി. കൊണ്ടോട്ടി പൊയ്ലശ്ശേരിയിൽ വച്ച് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡാണ് ഇവരെ‌ പിടികൂടിയത്.

ചെമ്പ്രശ്ശേരി ഈസ്റ്റ് മാഞ്ചേരി ബഷീർ (50) എന്ന പാണ്ടി ബഷീർ, വള്ളുവങ്ങാട് കുണ്ടുകര അമീർഖാൻ(37) എന്ന ഖാൻ മുസ്ലിയാർ, കരുവാരകുണ്ട് ഇരിങ്ങാട്ടിരി കോയിശ്ശേരി മൊയ്തീൻ കുട്ടി ( 50 ) എന്നിവരേയാണ് 2000, 500 രൂപയുടെ കള്ളനോട്ടുകളുമായി വിതരണത്തിനായി കൊണ്ടുവന്ന കാർ സഹിതം പിടികൂടിയത്.

കഴിഞ്ഞയാഴ്ച തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ഹോട്ടൽ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു. ഇയാൾക്ക് ഈ സംഘവുമായി ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പിടിയിലായ ബഷീറിന് 2015ൽ വ്യാജ ആർസി നിർമ്മിച്ചതിന് പാണ്ടിക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷനുകളിലsക്കം കേസുകൾ ഉണ്ട്. ഇതിൻ്റെ വിചാരണ നടപടികൾ നടന്നു വരികയാണ്.

ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയ്ക്കകത്തും പുറത്തും ഉള്ള കള്ളനോട്ടു മാഫിയകളുമായി അടുത്ത ബന്ധം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. പിടിയിലായ അമീർ ഖാൻ മുസ്ലിയാർ പാലക്കാട് മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വാടക വീടുകൾ എടുത്താണ് നോട്ടുകൾ നിർമ്മിച്ചു വന്നിരുന്നത്. ഇയാൾ ഇപ്പോൾ വാടകക്ക് താമസിക്കുന്ന കൊടശ്ശേരിയിലെ വീട്ടിൽ നിന്നും നോട്ടു നിർമ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. ഇയാൾ മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

ഇവർ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് വിസ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ഇവരുടെ സംഘത്തിൽ കൂടുതൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Next Story

RELATED STORIES

Share it