News

കൊവിഡ് വാക്‌സിന്‍: ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

കൊവിഡ് വാക്‌സിന്‍: ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?
X

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. അതിന് സാധിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. കൊവിഡ് കാലത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും അവരവരുടെ സൗകര്യമനുസരിച്ച് വാക്‌സിന്‍ എടുക്കാനുമാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കിയതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?

കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും 45 വയസിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം.

1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക

2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക

3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ ഐഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പുരുഷനാണോ സ്ത്രീയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.

5. ഇനിവേണ്ടത് വാക്‌സിന്‍ എടുക്കാനുള്ള അപ്പോയ്‌മെന്റാണ്. അതിനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാം.

6. ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തിയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

7. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാം.

8. വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.

9. വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റര്‍ ചെയത ഫോട്ടോ ഐഡി കൈയ്യില്‍ കരുതണം.

10. രണ്ടാം ഡോസ് ബുക്ക് ചെയ്യാനും കോവിന്‍ സൈറ്റില്‍ കയറി മൊബൈല്‍ നമ്പരും ഒടിപിയും നല്‍കി ഓപ്പണ്‍ ചെയ്യുക. ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ ഭാഗീകമായി എടുത്തതായി കാണിക്കും. ഡോസ് 2 എന്ന ബട്ടണ് നേരെയുള്ള ഷെഡ്യൂള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് കേന്ദ്രവും തിയതിയും സമയവും തെരഞ്ഞെടുത്ത് പഴയതു പോലെ ബുക്ക് ചെയ്താല്‍ മതി.

11. എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ദിശ 1056ല്‍ വിളിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it