Soft News

ഡിസൂസ അപ്പൂപ്പനെ കാണാന്‍ 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

തന്നെ രക്ഷിച്ച വൃദ്ധനായ മനുഷ്യനെ തേടി ആയിരക്കണക്കിനു കിലോമീറ്റര്‍ താണ്ടിയെത്തുന്ന ഒരു പെന്‍ഗ്വിന്റെ കഥയാണിത്.

ഡിസൂസ അപ്പൂപ്പനെ കാണാന്‍ 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍
X

റിയോഡിജനീറോ: മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള അപൂര്‍വ്വ സ്‌നേഹബന്ധത്തിന്റെ പലകഥകളും കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും കൗതുകമുളവാക്കുന്ന ഒരു വാര്‍ത്തയാണ് ബ്രസീലില്‍ നിന്ന് വരുന്നത്. തന്നെ രക്ഷിച്ച വൃദ്ധനായ മനുഷ്യനെ തേടി ആയിരക്കണക്കിനു കിലോമീറ്റര്‍ താണ്ടിയെത്തുന്ന ഒരു പെന്‍ഗ്വിന്റെ കഥയാണിത്.

73 കാരനായ ജോവ പെരേര ഡിസൂസ ഇഷ്ടികത്തൊഴിലാളിയും മല്‍സ്യത്തൊഴിലാളിയുമാണ്. ബ്രസീലിലെ റിയോ ഡി ജനീറോ തീരത്തെ ഒരു ദ്വീപിലാണ് അയാളുടെ താമസം. 2011 ല്‍ തന്റെ വീടിനടുത്തുള്ള കടല്‍ത്തീരത്ത് എണ്ണയില്‍ കുളിച്ച് വിശപ്പോടെ കിടക്കുന്ന ഒരു പെന്‍ഗ്വിനെ ഡിസൂസ കണ്ടെത്തി. അയാള്‍ അതിന് ഒരു പേരുമിട്ടു, ഡിന്‍ഡിം.

വന്യജീവി നിയമപ്രകാരം പെന്‍ഗ്വിനെ വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണെന്ന കാര്യം വകവയ്ക്കാതെ അതിനെ രക്ഷപ്പെടുത്തുകയായിരുന്നു ഡിസൂസ. രണ്ടാഴ്ചയോളം എടുത്താണ് ഡിന്‍ഡിമിന്റെ ടാര്‍ പറ്റിപിടിച്ച തൂവലുകള്‍ വൃത്തിയാക്കിയത്. ശക്തി വീണ്ടെടുക്കാന്‍ വേണ്ടി പിടിച്ച മല്‍സ്യങ്ങളുടെ ഒരു പങ്കും കൊടുത്ത് തുടങ്ങി. ഒരു വര്‍ഷത്തോളം ഡിസൂസയുടെ വീട്ടിലായിരുന്നു അവന്റെ താമസം.

ഡിസൂസയുടെ പരിലാളനത്തില്‍ മരണത്തില്‍ നിന്ന് രക്ഷപെട്ട ഡിന്‍ഡിമിന് പിന്നെ തിരിച്ച് പോകണ്ട എന്നായി. പക്ഷെ പെന്‍ഗ്വിനെ വീട്ടില്‍ വളര്‍ത്തരുത് എന്ന് തീരുമാനം എടുത്ത ഡിസൂസ അവനെ തുറന്നു വിട്ടു. മനസ്സില്ലാ മനസ്സോടെ തന്റെ കൂട്ടുകാരുടെ ലോകത്തേക്ക് തിരിച്ചുപോയ ഡിന്‍ഡിം അപക്ഷേ ഡിസൂസ അപ്പൂപ്പനെ മറന്നില്ല. എല്ലാ വര്‍ഷവും ഈ പെന്‍ഗ്വിന്‍ അവന്റെ താമസ സ്ഥലത്ത് നിന്ന് 8000 കിലോമീറ്റര്‍ നീന്തി ഡിസൂസയെ കാണാന്‍ വരാന്‍ തുടങ്ങി.

തെക്കേ അമേരിക്കയിലെ മഗല്ലാനിക് പെന്‍ഗ്വിന്‍ വര്‍ഗത്തില്‍പ്പെട്ട ഡിന്‍ഡിം പിന്നീട് ഒരു വര്‍ഷവും വരവ് മുടക്കിയിട്ടില്ല. ജൂണില്‍ വീട്ടില്‍ എത്തുന്ന ഡിന്‍ഡിം ഫെബ്രുവരിയില്‍ തിരിച്ച് പോകും.

തെക്കേ അമേരിക്കന്‍ മഗല്ലാനിക് പെന്‍ഗ്വിനുകള്‍ സാധാരണയായി അര്‍ജന്റീനയിലെയും ചിലിയിലെയും പാറ്റഗോണിയ തീരങ്ങളിലാണ് വളരുന്നത്. വീട്ടില്‍ വളര്‍ത്തുന്നത് കുറ്റകരമാണെങ്കിലും ഇവര്‍ തമ്മിലുള്ള ആത്മബന്ധം മനസിലാക്കിയ അധികൃതര്‍ ഡിസൂസക്കെതിരെ നടപടികള്‍ ഒന്നും എടുത്തില്ല. 'അവനെ തൊടാന്‍ മറ്റാരെയും ഡിന്‍ഡിം അനുവദിക്കില്ല. പക്ഷേ, എന്റെ മടിയില്‍ കിടക്കും, കുളിപ്പിക്കുമ്പോള്‍ അനങ്ങാതെ നിന്ന് തരും, ഞാന്‍ അവന് ധാരാളം മത്തി ഭക്ഷണമായി നല്‍കുകയും ചെയ്യും. അവനെ തൊടാനും എടുക്കാനും എന്നെ അനുവദിക്കും', ഡിസൂസ ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു.

''ഡിന്‍ഡിമിനെ ഞാന്‍ മകനെ പോലെ സ്‌നേഹിക്കുന്നു. അവന് ഞാനും ഒരു കുടുംബാംഗമാണ്. ഓരോ വര്‍ഷവും മറ്റ് പെന്‍ഗ്വിനുകളുമായി കളിച്ചുതിമര്‍ക്കേണ്ട സമയത്ത് അവന്‍ എന്റെ വീട്ടില്‍ വരുന്നത് അതുകൊണ്ടാണ്'- ഡിസൂസ പറഞ്ഞു.

Next Story

RELATED STORIES

Share it