Soft News

പെണ്‍ ഉശിരിന്റെ ആവേശ പഞ്ചില്‍ കണ്ണൂര്‍; കേരളത്തിന് രണ്ട് ജയം

ചാംപ്യന്‍ഷിപ്പ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പെണ്‍ ഉശിരിന്റെ ആവേശ പഞ്ചില്‍ കണ്ണൂര്‍; കേരളത്തിന് രണ്ട് ജയം
X

കണ്ണൂര്‍: പെണ്‍ ഉശിരിന്റെ ആവേശ പഞ്ചുകള്‍ സമ്മാനിച്ച് കണ്ണൂരില്‍ നാലാമത് ദേശീയ വനിതാ സീനിയര്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം. ആദ്യമായി കണ്ണൂരിലെത്തിയ ചാംപ്യന്‍ഷിപ്പിലെ ആദ്യ ദിന മത്സരങ്ങള്‍ ഇടിക്കൂട്ടിലെ പെണ്‍കരുത്ത് വിളിച്ചോതുന്നതായി. ബോക്‌സിങ്ങിലെ പരിചയക്കുറവ് കാണികളെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയെങ്കിലും മത്സരത്തിന്റെ ആവേശം ആര്‍പ്പുവിളികളായി മാറി.

48-51 കിലോഗ്രാം ഫ്‌ലൈ വെയ്റ്റ്, 45 - 48 ലൈറ്റ് ഫ്‌ലൈ വെയ്റ്റ് എന്നീ വിഭാഗങ്ങളിലെ ഒന്നാം ഘട്ട മത്സരങ്ങള്‍ ആദ്യ ദിനത്തില്‍ പൂര്‍ത്തിയായി. ഇരു വിഭാഗങ്ങളിലുമായി 23 മത്സരങ്ങളാണ് നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച അന്യന്യ എസ് ദാസ്, അഞ്ചു സാബു എന്നിവര്‍ ആദ്യദിനം ഇടിക്കൂട്ടില്‍ കരുത്തുകാട്ടി രണ്ടാം റൗണ്ടിലേക്ക് കടന്നു. അനന്യ ഒഡീഷ താരത്തെയും അഞ്ചു ബംഗാള്‍ താരത്തെയുമാണ് പരാജയപ്പെടുത്തിയത്. 48-51 കിലോഗ്രാമാം വിഭാഗത്തില്‍ ഛണ്ഡീഗഢിലെ മോണിക്കയും 45-48 വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശിന്റെ ജ്യോതിക ബിഷിത്തും ചാംപ്യന്‍ഷിപ്പിലെ ആദ്യ ജയം നേടി.

ഉത്തര്‍പ്രദേശിന്റെ മാനസി ശര്‍മ്മ, മണിപ്പൂരിന്റെ സോയിബാം റബീക്ക ദേവി, ദീപ കുമാരി, ഹിമാചല്‍ പ്രദേശിന്റെ മായ കുമാരി, ആസാമിന്റെ ജോയി കുമാരി, രാജസ്ഥാന്റെ പൂനം, കര്‍ണാടകയുടെ ദിവ്യാനി ശുക്ല, ആന്ധ്ര പ്രദേശിന്റെ രമ്യ ഗുഢുരു, മഹാരാഷ്ട്രയുടെ സംഗീത റുമലെ, ബീഹാറിന്റെ കമല്‍ജിത്ത് കൗര്‍ എന്നിവര്‍ 48-51 കിലോഗ്രാം വിഭാഗത്തിലും ഹിമാചല്‍ പ്രദേശത്തിന്റെ ജ്യോതിക ബിഷത്ത്, ഉത്തരാഘണ്ഡിന്റെ ഹിമാനി ആര്യ, കര്‍ണാടകയുടെ സുധ വി, പഞ്ചാബിന്റെ മീനാക്ഷി, രാജസ്ഥാന്റെ സ്വസ്തി ആര്യ, ഹരിയാനയുടെ ആരതി, ആസാമിന്റെ പ്രിയ ഘോഷ്, ഛണ്ഡീഗഢിന്റെ റിത്തൂസ് എന്നിവര്‍ 45-48 വിഭാഗത്തിലും രണ്ടാം റൗണ്ടിലെത്തി.

ഓള്‍ ഇന്ത്യ പോലിസ്, റെയില്‍വേ, ഹരിയാന, ദല്‍ഹി തുടങ്ങിയ ടീമുകളില്‍ നിന്നായി 20 ഓളം അന്തര്‍ദേശീയ താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 യൂനിറ്റുകളിലെ ബോക്‌സര്‍മാര്‍ ഇടിക്കുട്ടില്‍ മാറ്റുരയ്ക്കും. 10 ഭാര വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഒന്നാം ഘട്ട മത്സരങ്ങള്‍ ചൊവ്വാഴ്ച (ഡിസംബര്‍ 3) പൂര്‍ത്തിയാകും. ഡിസംബര്‍ ഏഴിന് രണ്ട് മണി മുതല്‍ സെമി ഫൈനല്‍ മത്സരവും എട്ടിന് രണ്ട് മണി മുതല്‍ ഫൈനല്‍ മത്സരങ്ങളും നടക്കും. രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്‌സിംഗ് നടക്കുക. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്

300 ഓളം ബോക്‌സിങ് താരങ്ങളും കോച്ചുമാരും ഓഫീഷ്യല്‍സും ടെക്‌നിക്കല്‍ ടീമും ഉള്‍പ്പെടെ 650 ഓളം പേരാണ് മത്സരത്തിന്റെ ഭാഗമാകുന്നത്. ലോക വനിത ബോക്‌സിംഗ് ചാംപ്യന്‍ മേരികോം ഡിസംബര്‍ എട്ടിന് ചാംപ്യന്‍ഷിപ്പിലെത്തും. പ്രതിദിനം മൂവായിരത്തോളം പേര്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കായിക രംഗത്തു കേരളം ഉജ്വല മുന്നേറ്റത്തിന്റെ പന്ഥാവില്‍: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

വിനോദ സഞ്ചാര മേഖലയിലെന്ന പോലെ കായിക രംഗത്തും കേരളം ഉജ്ജ്വലമായ മുന്നേറ്റത്തിന്റെ പന്ഥാവിലേക്കു കുത്തിക്കുകയാണെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ നടക്കുന്ന നാലാമത് ദേശീയ വനിതാ സീനിയര്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കേരളത്തിന്റെ പശ്ചാത്തല സൗകര്യം ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയാണ്. ദേശീയവും അന്തര്‍ ദേശീയ വുമായ ഏത് വലിയ കായിക മത്സാരത്തിനും ആതിഥ്യമരുളാന്‍ ഇന്ന് കേരളത്തിനു കെല്‍പ്പുണ്ട്. അതിനൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള കായിക പ്രതിഭകളും നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയോധന കലകളുടെ ചരിത്രവും പാരമ്പര്യവും കൂടിയാണ് വടക്കന്‍ കേരളത്തിന്റെതെന്നതും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ബോക്‌സിങ്ങിലേതു പോലുള്ള കായിക ഇനങ്ങളില്‍ പ്രാദേശിക തലത്തിലുള്ള മികച്ച താരങ്ങളെ നമ്മള്‍ ഇപ്പോഴും പരിഗണിക്കുന്നില്ലെന്ന് ബോക്‌സിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ജെ കോഹ്‌ലി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇനിയും ഇത്തരം ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബോക്‌സിങ്ങ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ചന്ദ്രലാല്‍ ദാമോദരന്‍,മുന്‍ ലോക വനിത ബോക്‌സിങ്ങ് ചാമ്പ്യന്‍ കെ സി ലേഖ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷനായി. ജില്ല കലക്ടര്‍ ടിവി സുഭാഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ സുധാകരന്‍ എംപി ,ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബോക്‌സിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ടും ടെക്‌നിക്കല്‍ ഡെലിഗേറ്റുമായ രാജേഷ് ഭണ്ഡാരി, ഡോ .സി ബി റെജി,കേരള സ്‌റ്റേറ്റ് അമച്വര്‍ ബോക്‌സിങ്ങ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍ കെ സൂരജ്, ജില്ലാ അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡണ്ട് കെ ശാന്തകുമാര്‍, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബോക്‌സിങ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it